അഹമ്മദാബാദ്: ഇന്ത്യക്കെതിരായ അഞ്ചാം ട്വന്റി-20 മൽസരത്തിൽ ഇന്ത്യക്ക് 224 റൺസിന്റെ കരുത്ത്. ഓപ്പണിംഗിന് ഇറങ്ങിയ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയും രോഹിത് ശർമയും അർധ സെഞ്ചുറി നേടിയാണ് കളം വിട്ടത്. കോഹ്‌ലി 80 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ രോഹിത് 64 റൺസ് നേടി.
39 റൺസ് നേടി പുറത്താവാതെ നിന്ന ഹാർദിക് പാണ്ഡ്യയും 32 റൺസെടുത്ത സൂര്യകുമാർ യാദവും മികച്ച പ്രകടനം കാഴ്‌ചവെച്ചു. ഈ പരമ്പരയിലെ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ത്യ ഇന്ന് പടുത്തുയർത്തിയത്. ഇംഗ്ളണ്ടിനെതിരേ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ട്വന്റി 20 സ്കോറുമാണിത് എന്ന പ്രത്യേകതയുമുണ്ട്.
34 പന്തുകളിൽ നിന്നും നാല് ഫോറും അഞ്ച് സിക്‌സും അടിച്ചുകൂട്ടി 64 റൺസെടുത്ത രോഹിത് മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. തുടർന്ന് പുറത്തായ രോഹിത്തിന് പകരം ക്രീസിലെത്തിയ സൂര്യകുമാർ യാദവ് തകർപ്പൻ ഷോട്ടുകളിലൂടെ ഇന്ത്യയുടെ സ്കോർ ഉയർത്തി. യാദവും കോഹ്‌ലിയും ചേർന്നപ്പോൾ ആദ്യ 10 ഓവറിൽ ഇന്ത്യ 110 റൺസ് നേടി. തുടർന്ന് ആദിൽ റഷീദ് എറിഞ്ഞ 14ആം ഓവറിലെ രണ്ടാം പന്തിൽ സൂര്യകുമാർ പുറത്തായി. തകർപ്പൻ ക്യാച്ചിലൂടെ ക്രിസ് ജോർഡനും ജേസൺ റോയിയും ചേർന്നാണ് താരത്തെ പുറത്താക്കിയത്.
17 പന്തുകളിൽ നിന്നും മൂന്ന് ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെ സൂര്യകുമാർ 32 റൺസെടുത്തു. താരം പുറത്താവുമ്പോൾ 143ന് രണ്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ.
അവസാന ഓവറുകളിൽ കോഹ്‌ലിയും ഹാർദിക്കും തകർപ്പൻ കളി പുറത്തെടുത്തതോടെ ഇന്ത്യ 18.2 ഓവറിൽ 200 കടന്നു. ഇംഗ്ളണ്ടിനെതിരേ ട്വന്റി 20 മൽസരങ്ങളിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്സ്‌മാൻ എന്ന റെക്കോർഡും വിരാട് കോഹ്‌ലി ഈ മൽസരത്തിലൂടെ സ്വന്തമാക്കി.
Also Read: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ പോലീസ് കമ്മീഷണറുടെ കത്ത്