ലൂസെയ്ൻ: അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും മുൻ ഗോൾ കീപ്പർ പിആർ ശ്രീജേഷും. പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തിൽ ഇരുവരും പ്രധാന പങ്കുവഹിച്ചിരുന്നു. ഹർമൻപ്രീത് ഒളിമ്പിക്‌സിലെ ടോപ് സ്‌കോറർ (10) ആയി.
‘പ്ളെയർ ഓഫ് ദി ഇയർ’ പുരസ്‌കാരത്തിനുള്ള പട്ടികയിലാണ് 28-കാരനായ ഹർമൻപ്രീത് സിങ് ഇടംപിടിച്ചത്. പാരിസ് ഒളിമ്പിക്‌സിന് ശേഷം വിരമിച്ച 36-കാരനായ ശ്രീജേഷ് മികച്ച ഗോൾ കീപ്പർക്കുള്ള പട്ടികയിലുമാണുള്ളത്. ദേശീയ ടീം ക്യാപ്റ്റൻമാരുടെയും പരിശീലകരുടെയും പൊതുജനങ്ങളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും വോട്ടിങ്ങിന്റെ അടിസ്‌ഥാനത്തിലാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.
നെതർലൻഡ്‌സിന്റെ തിയറി ബ്രിങ്ക്മാൻ, ജോയെപ് ഡി മോൾ, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ളണ്ട്) എന്നിവരാണ് പ്ളെയർ ഓഫ് ദി ഇയർ പുരസ്‌കാരത്തിന് ഹർമൻപ്രീതുമായി മൽസരിക്കുന്നത്. പിർമിൻ ബ്ളാക് (നെതർലൻഡ്‌സ്), ലൂയിസ് കാൾസാഡോ സ്‌പെയിൻ), ജീൻ പോൽ ഡാൻബെർഗ് (ജർമനി), തോമസ് സാന്റിയാഗോ (അർജന്റീന) എന്നിവരാണ് ഗോൾകീപ്പർ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉള്ളത്.
Most Read| പ്രായത്തെ വെല്ലുവിളിച്ച് ‘ഇലീൻ’; 60ആം വയസിൽ ബോഡി ബിൽഡർ