മുംബൈ: ആഡംബര കപ്പലില്‍ നടത്തിയ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്‌റ്റിലായി. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്‌റ്റ് ചെയ്‌തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആര്യന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇവരെ വൈദ്യപരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുംബൈ തീരത്ത് രണ്ടാഴ്‌ച മുൻപ് ഉൽഘാടനം കഴിഞ്ഞ കോര്‍ഡിലിയ ക്രൂയിസ് എന്ന ആഡംബര കപ്പലിൽ നടത്തിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ടാണ് ആര്യനെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കൊക്കെയിന്‍, ഹാഷിഷ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകള്‍ കപ്പലിൽ നിന്ന് പിടികൂടിയിരുന്നു. എൻസിബി സോണൽ ഡയറക്‌ടർ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥര്‍ രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ശനിയാഴ്‌ച യാത്രക്കാരുടെ വേഷത്തില്‍ കപ്പലില്‍ കയറിയാണ് ലഹരിമരുന്ന് പിടികൂടിയത്.
മുംബൈ തീരത്ത് നിന്നും കപ്പൽ നടുക്കടലിൽ എത്തിയപ്പോഴാണ് ലഹരിപ്പാർടി ആരംഭിച്ചത്. തുടർന്ന് ഉദ്യോഗസ്‌ഥർ നടപടി സ്വീകരിക്കുകയായിരുന്നു. ഒക്‌ടോബർ 2 മുതല്‍ 4 വരെയാണ് കപ്പലില്‍ പാര്‍ടി നടത്താന്‍ നിശ്‌ചയിച്ചിരുന്നത്. സംഗീത പരിപാടി എന്ന നിലയിലാണ് ഇത് സംഘടിപ്പിച്ചത്. പരിപാടിയുടെ നൂറോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഡെൽഹി ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സഹകരണത്തില്‍ ഫാഷന്‍ ടിവിയാണ് സംഗീത പരിപാടി സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പാർട്ടിയിൽ ആര്യൻ ഖാന് ബന്ധമുണ്ടോ എന്നും ഇദ്ദേഹം ലഹരിമരുന്ന് ഉപയോഗിച്ചോ എന്നുമാണ് എൻസിബി പരിശോധിക്കുന്നത്. ചോദ്യം ചെയ്യലിന്റെ ഭാഗമായി ആര്യന്റെ ഫോൺ അടക്കം പിടിച്ചെടുത്ത് പരിശോധിച്ചിരുന്നു. ഫോണിലെ ചാറ്റുകൾ ഉൾപ്പടെയാണ് പരിശോധിച്ചത്. ഇതിന് പിന്നാലെയായിരുന്നു അറസ്‌റ്റ്.
Also Read: ഭവാനിപുരിൽ ‘മമത’രംഗം; പണക്കൊഴുപ്പും ഗ്‌ളാമറും ഏശിയില്ല; തകർന്നടിഞ്ഞ് ബിജെപി