ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ; 24 മണിക്കൂറിനിടെ 266 മരണം

മരിച്ചവരിൽ 117 കുട്ടികളാണെന്നാണ് റിപ്പോർട്. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്ന് ഇസ്രയേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

By Trainee Reporter, Malabar News
Gaza-attack
Representational Image
Ajwa Travels

ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ. 24 മണിക്കൂറിനിടെ 266 പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 117 കുട്ടികളാണെന്നാണ് റിപ്പോർട്. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്ന് ഇസ്രയേൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിൽ ബോംബാക്രമണം കൂടുതൽ കടുപ്പിക്കുമെന്നും, ജനങ്ങൾ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞു പോകണമെന്നും ഇസ്രയേൽ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബോംബാക്രമണം കടുപ്പിച്ചത്.

തെക്കൻ ഗാസയിൽ വ്യാപക മിസൈൽ ആക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. സൈനിക നടപടി തുടർന്നിരുന്ന വെസ്‌റ്റ് ബാങ്കിലും ഇസ്രയേൽ ഇന്ന് വ്യോമാക്രമണം നടത്തി. വെസ്‌റ്റ് ബാങ്കിൽ മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർ ഇസ്രയേലിന്റെ കസ്‌റ്റഡിയിലാണെന്നാണ് റിപ്പോർട്. വെസ്‌റ്റ് ബാങ്കിലെ പള്ളികൾ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ബോംബാക്രമണം നടത്തിയത്. പള്ളികളിൽ നിരവധി അഭയാർഥികൾ ഉണ്ടായിരുന്നതായും ഗാസ അവകാശപ്പെടുന്നു.

എന്നാൽ, ഇവിടങ്ങളിലെ ഭൂഗർഭ അറകളിൽ ഒളിച്ചിരുന്ന അക്രമികളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. അതിനിടെ, ലെബനോൻ അതിർത്തിയിൽ ഇസ്രയേലിന്റെ ആളില്ലാ വിമാനത്തിന് നേരെ ഹിസ്ബുല്ല മിസൈൽ തൊടുത്തു. മറുപടിയായി ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇതുവരെ 17 ഹിസ്ബുല്ല അംഗങ്ങൾ ഇസ്രയേൽ അക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം, നിബന്ധനകളോടെ ഇന്നലെ തുറന്ന റഫ അതിർത്തിയിലൂടെ കടന്നുപോകുന്ന ഓരോ ട്രക്കും പരിശോധിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു.  ട്രാക്കുകളിൽ ഇന്ധനം കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഇസ്രയേൽ അറിയിച്ചിട്ടുണ്ട്. ഗാസയിലേക്ക് സഹായത്തിനായി കൂടുതൽ ട്രക്കുകൾ എത്തിയിട്ടുണ്ട്.  ഐക്യരാഷ്‌ട്ര സംഘടനയുടെ ഒരു വാഹനവും 17 ട്രക്കുകളുമാണ് സഹായ വിതരണത്തിനായി അതിർത്തിയിൽ കാത്തുനിൽക്കുന്നത്.

ഈ മാസം ഏഴിന് നടത്തിയ ആക്രമണത്തിനിടെ പിടികൂടി ബന്ദികളാക്കിയവരെ പൂർണമായി വിട്ടയക്കാതെ ഗാസയിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കില്ലെന്ന നിലപാടിലാണ് ഇസ്രയേൽ. നേരത്തെ, മരുന്നും ശുദ്ധജലവും ഭക്ഷ്യസാധനങ്ങളുമായി 20 ട്രക്കുകൾ ഈജിപ്‌ത്‌ തുറന്നുകൊടുത്ത റഫ അതിർത്തി വഴി ഗാസയിലെത്തിയിരുന്നു. യുഎസും ഇസ്രയേലും മുന്നോട്ടുവെച്ച പരിശോധനാ വ്യവസ്‌ഥകൾ പാലിച്ചാണ് ട്രക്കുകൾ അതിർത്തി കടന്നത്. എന്നാൽ, സഹായം തെക്കൻ ഗാസയിലേക്ക് മാത്രമാണെന്ന ഇസ്രയേൽ നിലപാട് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. വടക്കൻ ഗാസയിൽ വീട് വിടാതെ തുടരുന്നവർ ഇപ്പോഴുമുണ്ട്.

ഭക്ഷണവും വെള്ളവും മരുന്നും ഇന്ധനവുമില്ലാതെ വലയുന്ന 23 ലക്ഷം ജനങ്ങൾക്ക് 20 ട്രക്ക് സഹായം തീർത്തും അപര്യാപ്‌തമാണെന്നും കൂടുതൽ സഹായം എത്തിക്കണമെന്നുമുള്ള ആവശ്യം ശക്‌തമാണ്. സംഘർഷത്തിന് മുൻപ് പ്രതിദിനം 450 സഹായം ഗാസയിലെത്തിയിരുന്നു. പ്രതിദിനം 100 ട്രക്ക് സഹായം ഇല്ലാതെ ഗാസയ്‌ക്ക് അതിജീവനം സാധ്യമല്ലെന്ന് യുഎൻ വ്യക്‌തമാക്കി. ഇന്ധനമില്ലാതെ 14 ആശുപത്രികൾ പ്രവർത്തനം നിർത്തിവെച്ചു. ശുദ്ധജല ദൗർലഭ്യം മൂലം കോളറ-പകർച്ചവ്യാധി ഭീഷണിയും രൂക്ഷമാണ്.

അതിനിടെ, ബന്ദികളായ രണ്ടു ഇസ്രയേൽ പൗരൻമാരെ മോചിപ്പിക്കാൻ തയ്യാറാണെന്ന് തങ്ങൾ അറിയിച്ചിട്ടും ഇസ്രയേൽ സഹകരിച്ചില്ലെന്ന് ഹമാസ് വക്‌താവ്‌ ആരോപിച്ചു. എന്നാൽ, ഹമാസ് നടത്തുന്നത് കുപ്രചരണം ആണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.

Most Read| ‘ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ കാനഡ ഇടപെട്ടു, വിസ സർവീസ് ഉടനില്ല’; എസ് ജയശങ്കർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE