ജറുസലേം: ഇറാന് പിന്നാലെ ഇസ്രയേലിനെതിരെ ഡ്രോൺ ആക്രമണവുമായി ഇറാഖി സായുധ സംഘം. ഇസ്രയേൽ-സിറിയ അതിർത്തിയിലെ ഗോലാൻ കുന്നുകളിൽ ഇറാൻ പിന്തുണയുള്ള ഇറാഖി സായുധസംഘം നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിലെ സൈനികരാണ് കൊല്ലപ്പെട്ടത്.
ബറ്റാലിയനിലെ സിഗ്‌നൽ ഓഫീസർ കേഡറ്റായ ഡാനിയൽ അവീവ് ഹൈം സോഫർ (19), ബറ്റാലിയനിലെ ഐടി സ്‌പെഷ്യലിസ്‌റ്റായ ടാൽ ഡ്രോർ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 24 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് സ്‌ഥിരീകരിച്ചു. രണ്ടു ഡ്രോണുകളാണ് ഇറാഖി സായുധ സംഘം ഇസ്രയേലിലേക്ക് വിക്ഷേപിച്ചത്.
ഇതിൽ ഒരെണ്ണം ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തിരുന്നു. മറ്റൊരു ഡ്രോണാണ് വടക്കൻ ഗോലാൻ കുന്നിലെ ഇസ്രയേൽ സൈനിക താവളത്തിൽ പതിച്ചത്. ലബനൻ തലസ്‌ഥാനമായ ബെയ്‌റൂട്ടിലെ ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആസ്‌ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയിരുന്നു.
ഹിസ്ബുല്ല മുൻ മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമി ഹാഷിം സഫൈദിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോർട്. ഹിസ്ബുല്ല ആസ്‌ഥാനത്തെ ഭൂഗർഭ ബങ്കറിൽ അഭയം തേടിയിരുന്ന സഫൈദിന്റെ നിലവിലെ സ്‌ഥിതി എന്തെന്ന് വ്യക്‌തമല്ല. പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഹിസ്ബുല്ല ആസ്‌ഥാനത്തെ ഭൂഗർഭ ബങ്കറിൽ ഉന്നത നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്നതിനിടെ ഇസ്രയേലിന്റെ തന്നെ ആക്രമണത്തിലാണ് നസ്‌റല്ലയും കൊല്ലപ്പെട്ടത്.
Most Read| വിവാഹിതരായ പുരുഷൻമാർക്ക് ഉത്തമ വാർധക്യം; പുതിയ പഠനം