ഇസുദാൻ ഗദ്‌വി ഗുജറാത്തിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി

പ്രമുഖ ഗുജറാത്തി മാദ്ധ്യമപ്രവർത്തകനായ ഇസുദാൻ ഗദ്‌വി 40 വയസുള്ള യുവരക്‌തമാണ്. ദൂരദർശനിൽ മാദ്ധ്യമ പ്രവർത്തന ജീവിതം ആരംഭിച്ച ഇസുദാൻ നിരവധി അഴിമതികൾ പുറത്തുകൊണ്ടുവന്ന, ദേശീയ ശ്രദ്ധനേടിയ മാദ്ധ്യമ പ്രവർത്തകനാണ്.

By Central Desk, Malabar News
Isudan Gadhvi is the gujarat AAP CM Candidate
ഇസുദാൻ ഗദ്‌വി
Ajwa Travels

അഹമ്മദാബാദ്: കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളെ അച്ചടിക്കണം, ഏകീകൃത സിവിൽകോഡ് നടപ്പാക്കണം, രാമക്ഷേത്രത്തിലേക്ക് സൗജന്യ യാത്ര ഒരുക്കും തുടങ്ങിയ തീവ്ര ഹിന്ദുത്വ ആശയങ്ങൾക്കൊപ്പം ആം ആദ്‌മി അവരുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയായ ഇസുദാൻ ഗദ്‌വിയാണ് മുഖ്യമന്ത്രി സ്‌ഥാനാർഥി.

ഗുജറാത്തിലെ തിരഞ്ഞെടുപ്പിനെ ബിജെപിയെക്കാൾ ഉയർന്ന തീവ്ര ഹിന്ദുത്വം കൊണ്ട് നേരിടുമെന്ന് ഉറപ്പിച്ചിരിക്കുന്ന ആംആദ്‌മി മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പ്രചരണ പരിപാടിയിൽ ഒരുപടി മുന്നിലെത്തിയിരിക്കുന്നു.

പ്രമുഖ ഗുജറാത്തി മാദ്ധ്യമപ്രവർത്തകനായ ഇസുദാൻ ഗദ്‌വി 40 വയസുള്ള യുവരക്‌തമാണ്. സംസ്‌ഥാന അധ്യക്ഷൻ ഗോപാൽ ഇതാലിയ, ജനറൽ സെക്രട്ടറി മനോജ് സൊറാത്തിയ എന്നിവരെ കൂടി പരിഗണിച്ചിരുന്നെങ്കിലും അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് ഇസുദാൻ ഗദ്‌വിയെ തീരുമാനിച്ചത്. അഹമ്മദാബാദിൽ വച്ച് നടന്ന ചടങ്ങിൽ അരവിന്ദ് കെജ്‌രിവാളാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചത്.

ആംആദ്‌മിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് മാനും ചടങ്ങിനെത്തിയിരുന്നു. ദൂരദർശനിൽ മാദ്ധ്യമപ്രവർത്തനം തുടങ്ങിയ ഇസുദാൻ ഗദ്‌വി വിടിവി ഗുജറാത്തി ചാനലിൽ മഹാമൻദൻ എന്ന ഷോയിലൂടെ ശ്രദ്ധേയനാണ്. ടിവി റിപ്പോർട്ടറായിരിക്കെ നിരവധി അഴിമതികൾ പുറത്ത് കൊണ്ട് വന്നിരുന്നു. അഴിമതിക്കെതിരായ പോരാട്ടമാണ് രാഷ്‌ട്രീയ ജീവിതത്തിലും തുടരുക എന്ന് ഇസുദാൻ ഗദ്‌വി പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാം ഘട്ടം ഡിസംബര്‍ അഞ്ചിനും നടക്കും. ആദ്യ ഘട്ടത്തിൽ 89 മണ്ഡലങ്ങളാണ് വിധിയെഴുതുക. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ അഞ്ചിന് 93 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്കെത്തും. 182 മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ ഒന്നിച്ച് ഡിസംബര്‍ എട്ടിന് നടക്കും. 4.9 കോടി വോട്ടര്‍മാരാണ് ഇക്കുറി വിധിയെഴുതുന്നത്. 2023 ഫെബ്രുവരി 18 വരെയാണ് നിലവിലെ ഗുജറാത്ത് നിയമസഭയുടെ കാലാവധി.

ഗുജറാത്തില്‍ എക്കാലവും 40 ശതമാനം വോട്ടെങ്കിലും കിട്ടുന്ന കോൺഗ്രസിന് ആംആദ്‌മിയുടെ വരവ് ക്ഷീണമാവുമെന്നാണ് പ്രവചനം. നേതാക്കളുടെ കൊഴിഞ്ഞ് പോക്കും പട്ടേൽ സമുദായം അകന്നതും ഇത്തവണ ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടിയാവും. 2002ൽ നേടിയ 127 സീറ്റാണ് ബിജെപിക്ക് സംസ്‌ഥാനത്ത്‌ കിട്ടിയ ഏറ്റവും വലിയ ഭൂരിപക്ഷം. അത് മറികടക്കുമെന്നാണ് ബിജെപി നേതാക്കളുടെ പ്രതീക്ഷയും സർവേ ഫലങ്ങൾ നൽകുന്ന സൂചനയും.

എന്നാൽ, ഇത്തവണ രാജ്യമാകമാനം ഉയർന്നുവരുന്ന രാഹുൽ പ്രീതിയും പ്രതീക്ഷയും കോൺഗ്രസിന് കരുത്തുപകരുന്നുണ്ട്. ഒപ്പം പുതിയ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അടവുകളും തന്ത്രങ്ങളും കൂട്ടുണ്ടാകും. മാറ്റത്തിന് വേണ്ടിയുള്ള യുവതയുടെ താൽപര്യവും കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്തിക്കുമെന്ന രാഷ്‌ട്രീയ വിലയിരുത്തലും കോണ്ഗ്രസിന് പ്രതീക്ഷ നൽകുന്നുണ്ട്. 77 സീറ്റുകളാണ് കഴിഞ്ഞ തവണ കോൺഗ്രസ്‌ നേടിയത്.

ഗുജറാത്തിൽ 182 നിയമസഭാ സീറ്റുകളാണുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ബിജെപിയും 77 സീറ്റുകൾ കോൺഗ്രസും ആറ് സീറ്റുകൾ മറ്റു കക്ഷികളുമാണ് നേടിയത്. തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അംഗങ്ങളിൽ ചിലർ പലപ്പോഴായി ബിജെപിയിലേക്കു ചേക്കേറിയതോടെ നിലവിൽ ബിജെപിക്ക് 111 സീറ്റുകളാണ് ഉള്ളത്. കോൺഗ്രസിന് 62 സീറ്റുകളും മറ്റുള്ളവർക്ക് നാലു സീറ്റുകളുമുണ്ട്. അഞ്ച് സീറ്റുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.

Most Read: ‘ഭാരത് ജോഡോ’ യാത്രക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രോഹിത് വെമുലയുടെ മാതാവ്

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE