സംഘപരിവാര്‍ ചിന്തയോടെ പദവി വഹിക്കുന്നത് ഭരണഘടനാവിരുദ്ധം; ഗവർണർക്കെതിരെ സിപിഐ

By Desk Reporter, Malabar News
Malabar-News_Arif-Muhammed-Khan
Ajwa Travels

തിരുവനന്തപുരം: നരേന്ദ്രമോദി സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സംസ്‌ഥാന സർക്കാരിന്റെ നീക്കം തടഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ആരിഫ് മുഹമ്മദ് ഖാനെ ആർഎസ്എസ് നിയോഗിച്ചത് അവരുടെ അജണ്ട വേഗത്തിൽ നടപ്പിലാക്കാൻ വേണ്ടിയാണെന്ന് ജനയുഗത്തിലെ മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

ആരിഫിന് ആ മഹത്തായ പദവിയില്‍ അര്‍ഹതയുണ്ടോ‘ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കോണ്‍ഗ്രസിന്റേതടക്കം ഒട്ടനവധി പാര്‍ട്ടികളുടെ ഇടനാഴികളില്‍ അധികാര ഭിക്ഷയാചിച്ച് ഓടിയലഞ്ഞ വ്യക്‌തിത്വമാണ്, ജനാധിപത്യത്തെയും ജനതാൽപര്യങ്ങളെയുമെല്ലാം പുച്ഛിച്ചുതള്ളുന്ന സംഘപരിവാറില്‍ ചേക്കേറി, അതുവഴി ഗവര്‍ണര്‍ പദവിയിലമര്‍ന്നിരിക്കുന്നത്. കേരളം പോലെ രാഷ്‌ട്രീയ‑ജനാധിപത്യ‑മതേതര മാന്യതകളെല്ലാം പുലര്‍ത്തുന്ന സംസ്‌ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് ആരിഫിനെ ആര്‍എസ്എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു ഭൂരിപക്ഷ സര്‍ക്കാരിന്റെ ശുപാര്‍ശ തള്ളുകവഴി ആളാകുക എന്ന ആഗ്രഹം മാത്രമല്ല ആരിഫ് സാധിച്ചതെന്ന് പിന്നീട് ബിജെപി നേതൃത്വങ്ങളുടെ പ്രതികരണത്തോടെ വ്യക്‌തമാണെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച് ഭരണഘടനാവിരുദ്ധമായി പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തെ എതി­ര്‍ക്കാനും അതിനെതിരെ പ്രതികരിക്കാനും ജനായത്ത ഭരണസംവിധാനത്തില്‍ സംസ്‌ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. സംസ്‌ഥാനത്തെ ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയില്‍ പ്രമേയമായി അവതരിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഇതിനായി ഡിസംബര്‍ 23ന് ഒരു മണിക്കൂര്‍ സഭ ചേരാനുള്ള അനുമതിക്കായി 21ന് ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.

എന്നാല്‍ ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ല. സഭാ സമ്മേളനം വിളിക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്‌തമാണെങ്കിലും ആ പദവിയിലിരിക്കുന്ന ആള്‍ പ്രവര്‍ത്തിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശാനുസരണമാണ്.

കേരളത്തിന്റെ ദൈനദിന ജീവിതത്തില്‍ ഏറ്റവും നിര്‍ണായകമാണ് കാര്‍ഷിക വൃത്തിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും. രാജ്യത്ത് കാര്‍ഷിക മേഖലക്കുണ്ടാവുന്ന പ്രതിസന്ധി മറ്റേത് സംസ്‌ഥാനങ്ങളേക്കാളും കേരളത്തെ അതീവ ഗുരുതരമായി ബാധിക്കും. അതുകൊണ്ടു തന്നെ കാര്‍ഷിക രംഗത്ത് ഇന്നുണ്ടായിട്ടുള്ള ആശങ്കകളും പ്രശ്‌നങ്ങളും ചര്‍ച്ചചെയ്യേണ്ടതും ബദല്‍ കണ്ടെത്തേണ്ടതും സംസ്‌ഥാന സര്‍ക്കാരിന്റെയും നിയമനിര്‍മ്മാണ സഭയുടെയും ബാധ്യതയാണ്. സര്‍ക്കാരിനെ തിരഞ്ഞെടുത്ത ജനങ്ങള്‍ നല്‍കിയ അധികാരം കൂടിയാണത്. അതിനെ തടയാമെന്ന സംഘപരിവാര്‍ രാഷ്‌ട്രീയ ചിന്താഗതിയോടെ ഒരാള്‍ ഗവര്‍ണര്‍ പദവിയില്‍ കഴിയുന്നത് ഭരണഘടനാവിരുദ്ധമാണെന്നും മുഖപ്രസംഗം പറയുന്നു.

ജനവിരുദ്ധമായ, ഭരണഘടനാവിരുദ്ധമായ മനോനിലയുള്ളവരെ ഇത്തരം പദവിയില്‍ നിയോഗിക്കുന്ന മോദി-അമിത് ഷാ ജോഡിയുടെ ഹോബിയെ ജനങ്ങളാല്‍ എതിര്‍ക്കപ്പെടണം. സംസ്‌ഥാനത്തിന്റെയും രാജ്യത്തിന്റെയും പൊതുവായ വിഷയമായതിനാല്‍ ഇക്കാര്യം നിയമസഭയില്‍ ചര്‍ച്ച ചെയ്യുമെന്നും കര്‍ഷക സമൂഹത്തിന്റെ പ്രതിഷേധം തുടരുന്ന നിലക്ക് ഇതൊരു അടിയന്തര പ്രശ്‌ന‌മായിത്തന്നെ കണക്കാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാടിനെ കേരളസമൂഹം ഒന്നടങ്കം പിന്തുണക്കും.

ഈമാസം 31ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും കാര്‍ഷിക വിഷയം ചര്‍ച്ചചെയ്യാനുമാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിനായുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നു. പതിവ് പല്ലവിയാണ് ഇനിയുമെങ്കില്‍ ഗവര്‍ണര്‍ പദവിയില്‍ നിന്ന് ആരിഫ് മുഹമ്മദ്ഖാനെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിനും കേരളം ഐക്യം നേരുമെന്നും മുഖപ്രസംഗം പറഞ്ഞു വെക്കുന്നുണ്ട്.

Also Read:  കസ്‌റ്റംസിന്റെ അനുമതിയില്ലാതെ സ്വപ്‌നക്ക് സന്ദര്‍ശകരെ അനുവദിച്ച് ജയില്‍ വകുപ്പ്; ചട്ടപ്രകാരമെന്ന് വിശദീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE