‘മോഷണം പോയ സ്വർണത്തിന് പകരം ഇത് സ്വീകരിക്കണം’; 9 വർഷത്തിന് ശേഷം കള്ളന്റെ അപേക്ഷ

By Desk Reporter, Malabar News
Thief's request after 9 years
Representational Image

കോഴിക്കോട്: ഒൻപത് വർഷങ്ങൾക്ക് മുൻപ് മോഷ്‌ടിച്ച സ്വർണമാലക്ക് പകരം ആഭരണം നൽകി കള്ളന്റെ മാനസാന്തരം. ഇരിങ്ങത്ത് ചാലിക്കണ്ടി റസാഖിന്റെ വീട്ടുകാർക്കാണ് കള്ളന്റെ മനമുരുകിയുള്ള കത്തും ഏഴരപ്പവന്റെ സ്വർണ മാലയും ഒമ്പതു വർഷത്തിനു ശേഷം തിരിച്ചുകിട്ടിയത്.

“കുറച്ച് വർഷങ്ങൾക്കു മുൻപ് നിങ്ങളുടെ വീട്ടിൽനിന്ന് ഇങ്ങനെ ഒരു സ്വർണാഭരണം അറിയാതെ ഞാൻ എടുത്തുപോയി. അതിന് പകരമായി ഇത് നിങ്ങൾ സ്വീകരിച്ച് പൊരുത്തപ്പെട്ട് തരണം,”- മോഷ്‌ടാവിന്റെ കത്തിലെ വാചകങ്ങൾ ഇങ്ങനെ ആയിരുന്നു.

2012ലാണ് റസാഖിന്റെ ഭാര്യ ബുഷ്റയുടെ മാല കാണാതായത്. വിശേഷ ദിവസങ്ങളിൽ അണിയുന്ന മാലയാണ് അലമാരയിൽനിന്ന് നഷ്‌ടപ്പെട്ടത്. ഒരിക്കൽ മാലധരിച്ച് പുറത്തുപോകാൻ നോക്കിയപ്പോഴാണ് മാല അലമാരയിൽ ഇല്ലെന്നറിയുന്നത്. വീട്ടിലെ എല്ലായിടത്തും തപ്പിയെങ്കിലും കിട്ടിയില്ല. വീട്ടിൽ കള്ളൻ കയറിയ സൂചനയും ഉണ്ടായിരുന്നില്ല. മാല വീണു പോയതായിരിക്കുമെന്ന് ബുഷ്റ സംശയിച്ചു. പിന്നീട് അക്കാര്യം മറന്നുപോകുകയും ചെയ്‌തു.

കഴിഞ്ഞദിവസം രാവിലെ ജനാലക്കരികിൽ ഒരു കടലാസുപൊതി കണ്ട ബുഷ്റ ഭയം തോന്നി വടികൊണ്ട് തട്ടി താഴെയിട്ടു. പിന്നെ നോക്കിയപ്പോഴാണ് ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതിയ സ്വർണ മാലയും ഒരു കത്തുമാണെന്ന് മനസിലായത്.

നഷ്‌ടപ്പെട്ട മാല എട്ട് പവനായിരുന്നു, എന്നാൽ, ഇപ്പോഴത്തെ വില കണക്കിലെടുത്ത് കള്ളൻ ഏഴരപ്പവന്റെ മാലയാണ് പകരം നൽകിയത്. എങ്കിലും തിരിച്ചുകിട്ടില്ലെന്ന് വിശ്വസിച്ചിരുന്ന മാല ഒട്ടുംപ്രതീക്ഷിക്കാതെ കിട്ടിയതിൽ വീട്ടുകാർ സന്തോഷത്തിലാണ്.

Most Read:  സപ്ളൈകോ നെല്ല് സംഭരണം; പാലക്കാട് രജിസ്‌റ്റർ ചെയ്‌തത്‌ 45,378 കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE