പാലക്കാട്: ജില്ലയിൽ സപ്ളൈകോ വഴി ഒന്നാംവിള നെല്ല് സംഭരണത്തിന് രജിസ്‌റ്റർ ചെയ്‌തത് 45,378 കർഷകർ. ആലത്തൂർ താലൂക്കിൽ 19,174, ചിറ്റൂരിൽ 14,684, മണ്ണാർക്കാട് 6, ഒറ്റപ്പാലം 887, പാലക്കാട് 10,225, പട്ടാമ്പി 402 എന്നിങ്ങനെയാണ് രജിസ്‌റ്റർ ചെയ്‌തവരുടെ എണ്ണം. രജിസ്ട്രേഷൻ തുടങ്ങി രണ്ടാഴ്‌ചക്കുള്ളിലാണ് ഇത്രയധികം പേർ ഉപയോഗപ്പെടുത്തിയത്. ഇത്തവണ കുറഞ്ഞത് 65,000 പേർ രജിസ്‌റ്റർ ചെയ്യുമെന്നാണ് സപ്ളൈകോ പ്രതീക്ഷിക്കുന്നത്.
വടക്കഞ്ചേരി പ്രദേശത്താണ് സംഭരണത്തിന് തുടക്കം കുറിച്ചത്. കൃഷി ഭവനിൽനിന്ന് കർഷകരുടെ വിവരം ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ പഞ്ചായത്തുകളിൽ നെല്ല് സംഭരിക്കും. കഴിഞ്ഞ ഒന്നാംവിളക്ക് 1.3 ലക്ഷം മെട്രിക് ടൺ നെല്ലാണ് അളന്നത്. ഇത്തവണ അതിനേക്കാൾ കൂടുതൽ നെല്ല് സംഭരിക്കാനാവുമെന്നാണ് പ്രതീക്ഷ.
ഒന്നാംവിള കൊയ്‌ത്തിന് തമിഴ്‌നാട്ടിൽ നിന്ന് യന്ത്രം എത്തിത്തുടങ്ങി. വാക്‌സിൽ എടുത്തതോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളതോ ആയ കൊയ്‌ത്ത് യന്ത്ര ഡ്രൈവർമാർക്ക് ജില്ലയിലേക്ക് കടക്കുന്നതിന് തടസമില്ല. എന്നാൽ ജില്ലയിലെ ഉയർന്ന കോവിഡ് കണക്ക് കാരണം തമിഴ്‌നാട്ടിൽ നിന്ന് ഡ്രൈവമാർ വരാൻ മടിക്കുന്നുണ്ട്. ഒരു കൊയ്‌ത്ത് യന്ത്രത്തിന് 2200 മുതൽ 2300 രൂപ വരെ വാടക ഈടാക്കാമെന്നാണ് തീരുമാനം.
Read Also: അങ്കണവാടി പുസ്‌തകങ്ങളുടെ ജെൻഡർ ഓഡിറ്റ്; മന്ത്രിക്ക് റിപ്പോർട് കൈമാറി