തടവറയിൽ നിന്ന് മൽസരിച്ചു; ബിജെപിക്കെതിരെ മിന്നും വിജയം സ്വന്തമാക്കി അഖില്‍ ഗൊഗോയി

By Syndicated , Malabar News
akhil-gogoi
Ajwa Travels

ദിസ്‌പൂര്‍: തടവറയിൽ നിന്നും മിന്നുന്ന വിജയം നേടി അസമിലെ സിബ്‌സാഗര്‍ മണ്ഡലത്തില്‍ നിന്ന് മൽസരിച്ച അഖില്‍ ഗൊഗോയി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ആക്‌ടിവിസ്‌റ്റും റായ്‌ജോര്‍ ദള്‍ പാര്‍ട്ടിയുടെ പ്രസിഡണ്ടുമായ അഖില്‍ ഗൊഗോയിയെ ബിജെപി സര്‍ക്കാര്‍ തടവിലാക്കിയത്. സിബ്‌സാഗറില്‍ ബിജെപി സ്‌ഥാനാർഥി സുരഭി രജ്‌കോന്‍വാരിയെ 12000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഗൊഗോയി പരാജയപ്പെടുത്തിയത്.

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും മാറ്റിയ ഗൊഗോയി നിലവില്‍ ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലാണ്. ഒരിക്കല്‍ പോലും നേരിട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താന്‍ കഴിയാതിരുന്ന അഖില്‍ ഗൊഗോയിയുടെ തിളക്കമാർന്ന വിജയം ചരിത്ര സംഭവമെന്നാണ്
വിദഗ്ധരുടെ വിലയിരുത്തൽ.

അസമില്‍ ആകെയുള്ള 126 സീറ്റില്‍ 58 സീറ്റിലും ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാൽ അതിനിടയിലും അഖില്‍ ഗൊഗോയിക്ക് വിജയം നേടാനായത് രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരിക്കുകയാണ്. അസമില്‍ നിന്നുള്ള കര്‍ഷകനേതാവും വിവരാവകാശ പ്രവര്‍ത്തകനുമാണ് അഖില്‍ ഗൊഗോയി. അഴിമതിക്കെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം കൃഷക് മുക്‌തി സംഗ്രാം സമിതി എന്ന കര്‍ഷക സംഘടനയുടെ നേതാവ് കൂടിയാണ്.

ബ്രഹ്‌മപുത്രയുടെ പോഷകനദിയായ സുബാന്‍സിരി നദിയില്‍, കൂറ്റന്‍ അണക്കെട്ടുകള്‍ പണിയാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ പാരിസ്‌ഥിതികമായും സാമൂഹികമായും നേരിടാനിരിക്കുന്ന പ്രശ്‌നങ്ങൾ മുൻനിർത്തി പദ്ധതിക്കെതിരെ നടന്ന ജനകീയ ചെറുത്തു നില്‍പ്പുകൾക്ക് നേതൃത്വം നൽകിയത് ഗൊഗോയി ആയിരുന്നു. പിന്നീട് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ഇന്ത്യാ എഗയിന്‍സ്‌റ്റ് കറപ്ഷന്‍ എന്ന മുന്നേറ്റം രൂപംകൊണ്ടപ്പോള്‍ തുടക്കത്തില്‍ അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ഗൊഗോയി പിന്നീട് അണ്ണാ ഹസാരെയുടെയും സംഘത്തിന്റെയും ഉദ്ദേശ ശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ച് പുറത്തു പോവുകയായിരുന്നു.

2019ല്‍ രാജ്യമെമ്പാടും പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അസമില്‍ അതിനെ മുന്നില്‍ നിന്ന് നയിച്ചത് അഖില്‍ ഗൊഗോയി ആയിരുന്നു. തുടര്‍ന്ന് രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാരോപിച്ച് 2019 ഡിസംബര്‍ 8നാണ് അസമിലെ ജോര്‍ഹത്തില്‍ നിന്ന് അഖില്‍ ഗൊഗോയിയെ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. ശേഷം മാവോയിസ്‌റ്റ് ബന്ധം കൂടി ചുമത്തി കേസ് എന്‍ഐഎക്ക് കൈമാറി.

ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നയങ്ങള്‍ക്ക് വഴങ്ങാൻ തയ്യാറല്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര സ്‌ഥാനാർഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അഖില്‍ ഗൊഗോയി തന്റെ ജനങ്ങൾക്ക് കത്തെഴുതിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അസമിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും ഏറ്റവും ശക്‌തനായ ബിജെപി ഇതര സ്‌ഥാനാർഥിക്ക് വോട്ടുചെയ്യുക. അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അസം രക്ഷപ്പെടണമെങ്കില്‍ ബിജെപിക്കോ പൗരത്വനിയമത്തിന് അനുകൂലമായവര്‍ക്കോ വോട്ടുചെയ്യരുതെന്നും അദ്ദേഹം കത്തിലൂടെ അഭ്യർഥിച്ചിരുന്നു.

Read also: ചെകുത്താനെ പുറത്താക്കി ദൈവത്തിന്റെ സ്വന്തം നാട്; പ്രകാശ് രാജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE