കോഴിക്കോട്: ജില്ലയിലെ കൊമ്മേരിയിൽ മൂന്നുപേർക്ക് കൂടി മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചു. ഇതോടെ ഒരാഴ്‌ചക്കിടെ ഇവിടെ 42 പേർക്കാണ് മഞ്ഞപ്പിത്തം സ്‌ഥിരീകരിച്ചത്. ഇവരിൽ ചികിൽസയിൽ ഉണ്ടായിരുന്ന പത്തുപേർ ആശുപത്രി വിട്ടു. 32 പേർ ചികിൽസയിൽ തുടരുകയാണ്.
പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടരുന്നതായി കോഴിക്കോട് കോർപറേഷൻ അധികൃതർ അറിയിച്ചു. പ്രദേശത്ത് മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്. കൊമ്മേരിയിൽ ഇന്നലെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 പേരാണ് പങ്കെടുത്തത്.
മലിനമായ വെള്ളത്തിലൂടെ പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയിഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും. ചർമം മഞ്ഞനിറത്തിലാവുക, കണ്ണിൽ മഞ്ഞനിറം, ഇരുണ്ട നിറമുള്ള മൂത്രം, മലത്തിലെ നിറവ്യത്യസം, ഛർദ്ദിയും ഓക്കാനവും, വയറുവേദന, പേശിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി