മുംബൈ: കവിയും ഗാനരചയിതാവുമായ ജാവേദ് അക്‌തറിനെതിരെ നോട്ടീസയച്ച് താനെ കോടതി. ആര്‍എസ്എസിനേയും വിശ്വഹിന്ദു പരിഷത്തിനെയും താലിബാനോട് ഉപമിച്ചെന്നാണ് ആരോപണം. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിവേക് ചംബനേര്‍ക്കറാണ് ജാവേദിനെതിരെ കോടതിയെ സമീപിച്ചത്. നവംബര്‍ 12ന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
സെപ്റ്റംബര്‍ മൂന്നിന് ഇന്ത്യയില്‍ മുസ്‌ലിം സമുദായത്തിനെതിരെ വര്‍ധിച്ച് വരുന്ന അതിക്രമങ്ങളെക്കുറിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിൽ ജാവേദ് സംസാരിച്ചിരുന്നു. തുടർന്നാണ് ആര്‍എസ്എസിനെയും വിശ്വ ഹിന്ദു പരിഷത്തിനേയും താലിബാനോട് താരതമ്യം ചെയ്തെന്നാരോപിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകൻ രംഗത്ത് വന്നത്.
അതേസമയം, ഇതേ വിഷയത്തില്‍ ജാവേദ് അക്‌തറിനെതിരെ മാനനഷ്‌ടക്കേസ് ഫയല്‍ ചെയ്‌ത് ആര്‍എസ്എസ് നേരത്തെ രംഗത്ത് വന്നിരുന്നു. തങ്ങൾക്കെതിരെ ജാവേദ് അക്‌തര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പരമാര്‍ശം നടത്തിയെന്നും അതിനാൽ 100 കോടി നഷ്‌ടപരിഹാരം വേണമെന്നും കാണിച്ചാണ് ലീഗല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ധ്രുതിമാന്‍ ജോഷിയാണ് അക്‌തറിനെതിരെ കുര്‍ല മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ജാവേദ് അക്‌തര്‍ താലിബാനെയും ഹിന്ദു സംഘടനകളെയും തമ്മില്‍ താരതമ്യം ചെയ്‌തെന്നും ഇത് ഹിന്ദു ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകൾക്കും അപകീര്‍ത്തി സൃഷ്‌ടിക്കാൻ കാരണമായെന്നുമാണ് ജോഷി പറയുന്നത്. ഇതേതുടർന്ന് അക്‌തറിന്റെ സിനിമകൾ ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കി ബിജെപിയും രംഗത്ത് വന്നിരുന്നു.
Read also: കനയ്യ കുമാറിനെ സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് ആസ്‌ഥാനം; സ്വാഗതം ചെയ്‌ത് പോസ്‌റ്ററുകൾ