ലഖ്‌നൗ: കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചതിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ പാർട്ടിയിൽ തുടരുന്നു. കത്തെഴുതിയ 23 നേതാക്കളിൽ ഒരാളായ ജിതിൻ പ്രസാദക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ഉത്തർപ്രദേശ് കോൺഗ്രസ് ഘടകത്തിനുള്ളിൽ ഉയർന്നുകൊണ്ടിരിക്കുന്നത്.
ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ കോൺഗ്രസ് യൂണിറ്റ് ആണ് മുൻ കേന്ദ്രമന്ത്രിയും യു.പിയിലെ പാർട്ടിയുടെ ബ്രാഹ്മണ മുഖവുമായ ജിതിൻ പ്രസാദക്കെതിരെ നടപടിയെടുക്കണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 കോൺഗ്രസ് നേതാക്കൾക്കെതിരെയും നടപടി ആവശ്യപ്പെട്ടുകൊണ്ട് അവതരിപ്പിച്ച പ്രമേയത്തിൽ ജിതിൻ പ്രസാദയുടെ പേര് പ്രത്യേകം എടുത്തു പറയുന്നുണ്ട്.
“കത്തിൽ ഒപ്പിട്ട ഉത്തർപ്രദേശിൽ നിന്നുള്ള ഏക വ്യക്തി ജിതിൻ പ്രസാദയാണ്. അദ്ദേഹത്തിന്റെ കുടുംബം ഗാന്ധി കുടുംബത്തിന് എതിരാണെന്ന് അദ്ദേഹത്തിൻ്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും. അദ്ദേഹത്തിന്റെ പിതാവ് ജിതേന്ദ്ര പ്രസാദ് തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിക്കെതിരെ മത്സരിച്ച് അതു തെളിയിച്ചു. ഇതൊക്കെയാണെങ്കിലും, ജിതിൻ പ്രസാദക്ക് സോണിയ ഗാന്ധി ഒരു ലോക്‌സഭാ ടിക്കറ്റ് നൽകി അദ്ദേഹത്തെ മന്ത്രിയാക്കി. അദ്ദേഹം ചെയ്തത് തികഞ്ഞ അച്ചടക്ക ലംഘനമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും അദ്ദേഹത്തിന്റെ നടപടിയെ അപലപിക്കുകയും ചെയ്യണം” – പ്രമേയത്തിൽ ആവശ്യപ്പെടുന്നു.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാവും കത്തെഴുതിയ നേതാക്കളിൽ ഒരാളുമായ കപിൽ സിബൽ യു.പി കോൺഗ്രസ് യൂണിറ്റിന്റെ നടപടിയെ വിമർശിച്ചു. ജിതിൻ പ്രസാദക്കെതിരെയുള്ള യു.പി കോൺഗ്രസിന്റെ നീക്കം നിർഭാഗ്യകരമാണ്. ബി.ജെ.പിക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടവർ സ്വന്തം പാർട്ടി നേതാക്കൾക്കെതിരെ തിരിഞ്ഞ് സമയം പാഴാക്കുകയാണെന്നും കപിൽ സിബൽ ട്വീറ്റ് ചെയ്തു.