ന്യൂഡെൽഹി: ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ നാൽപത്തിയെട്ടാമത് ചീഫ് ജസ്‌റ്റിസായി ജസ്‌റ്റിസ് എൻവി രമണയെ നിയമിക്കാനുള്ള ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. രമണയുടെ പേര് ശുപാർശ ചെയ്‌ത് നിലവിലെ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു.
ഏപ്രില്‍ മാസത്തില്‍ ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ വിരമിക്കുന്ന പശ്‌ചാത്തലത്തിൽ പുതിയ ചീഫ് ജസ്‌റ്റിസിനെ ശുപാര്‍ശ ചെയ്യണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് എന്‍വി രമണയെ നിര്‍ദേശിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് ബോബ്‌ഡെ കത്തയച്ചത്. ചീഫ് ജസ്‌റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എൻവി രമണ. ബോബ്‌ഡെ ഈ മാസം 23ന് വിരമിക്കും. തുടർന്ന് ഏപ്രിൽ 24ന് എൻ വി രമണ സത്യപ്രതിജ്‌ഞ ചെയ്യും.
1983ലാണ് ജസ്‌റ്റിസ് എന്‍വി രമണ ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ അഡ്വക്കേറ്റായി നിയമിതനാവുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സ്‌റ്റാന്‍ഡിങ്ങ് കൗണ്‍സിലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്‌ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014ൽ സുപ്രീം കോടതിയിൽ നിയമിതനായി.
Read also: സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണം; ആവര്‍ത്തിച്ച് മുല്ലപ്പള്ളി