തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ ഡെല്‍ഹിയിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ അഖിലന്ത്യാ പ്രസിഡണ്ട് എഎ റഹീം. ‘കേരളം തുലഞ്ഞു പോട്ടെ’ എന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഭാവമെന്ന് റഹീം
പറഞ്ഞു.
നമ്മുടെ സംസ്‌ഥാനത്തിന്റെ വികസനത്തിനും പുരോഗതിക്കുമായി പ്രവര്‍ത്തിക്കാനുള്ള ബാധ്യത കേരളത്തില്‍ നിന്നുള്ള എല്ലാ എം.പിമാര്‍ക്കുമുണ്ട്. കോണ്‍ഗ്രസ് പ്രതിനിധികള്‍ അത് നിര്‍വഹിക്കുന്നില്ല എന്ന് മാത്രമല്ല, ഡെല്‍ഹിയിലും കേരളത്തിനെതിരായ സമരത്തിലാണവർ; റഹീം കുറ്റപ്പെടുത്തി.
കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡെല്‍ഹിയിലെ കേരളാ വിരുദ്ധ അംബാസഡറെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ റഹീം കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിനുള്ളിലും, ഇന്ന് സഭയ്‌ക്ക് പുറത്തും കണ്ടത് ആവര്‍ത്തിക്കാന്‍ പാടില്ലാത്ത രാഷ്‌ട്രീയ നാടകമാണെന്നും ചൂണ്ടിക്കാട്ടി.
കേരളത്തിന് വേണ്ടി ഒരക്ഷരം ഉരിയാടാന്‍ കോണ്‍ഗ്രസിനും ബിജെപിക്കും കഴിയുന്നില്ല. സംസ്‌ഥാന വികസനത്തിനെതിരെ അവരുടെ ശബ്‌ദം ഉയരുന്നു. കെ സുധാകരന്‍ ഡെല്‍ഹിക്ക് പോകുന്നത് തന്നെ കോണ്‍ഗ്രസ് ഗ്രൂപ്പ് പ്രശ്‌നം പരിഹരിക്കാനും, പാര്‍ലമെന്റില്‍ കേരളത്തിനെതിരെ സംസാരിക്കാനുമാണെന്നും റഹീം കുറ്റപ്പെടുത്തി.
‘ഇത് ആദ്യത്തേത് അല്ല. ദേശീയ പാതാ വികസനം, കീഴാറ്റൂര്‍ ബൈപ്പാസ് തുടങ്ങി വിവിധ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാൻ കോണ്‍ഗ്രസ്- ബിജെപി ഐക്യം ഡെല്‍ഹിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗെയ്ല്‍ പദ്ധതി മുടക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചു. കേരളത്തിന്റെ വികസനത്തിനും ആവശ്യങ്ങള്‍ക്കുമായി എപ്പോഴെങ്കിലും പാര്‍ലമെന്റില്‍ ഏതെങ്കിലും യുഡിഎഫ് എംപിമാര്‍ മിണ്ടിയിട്ടുണ്ടോ? കേരള വികസനത്തിനായി താന്‍ ഇക്കാലയളവില്‍ നടത്തിയ ഇടപെടലുകളോ പ്രവര്‍ത്തനനങ്ങളോ വിശദീകരിക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരന് കഴിയുമോ?’, റഹീം ചോദിച്ചു.
ജനം ഇതെല്ലാം കാണുന്നുണ്ടെന്നും കോണ്‍ഗ്രസ്- ബിജെപി അവിശുദ്ധ രാഷ്‌ട്രീയ സഖ്യത്തെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും റഹീം പറഞ്ഞു.
Most Read: ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യമില്ല