കോഴിക്കോട്: കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുകയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്‌ഥാനത്ത് എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട് മൊടക്കല്ലൂർ യുപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പരസ്‌പരം കടിച്ചുകീറുന്ന എൽഡിഎഫും യുഡിഎഫും വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നിരിക്കുന്നു. സംസ്‌ഥാനത്തെ പല മണ്ഡലങ്ങളിലും എൽഡിഎഫും യുഡിഎഫും പരസ്‌പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്‌ജാകരമായ സാഹചര്യം ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല. എൻഡിഎയുടെ വളർച്ചയാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ എൽഡിഎഫുമായി വിട്ടുവീഴ്‌ചക്ക് തയാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്‌താവന എൽഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.
Read also: തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് ആരംഭിച്ചു; ആദ്യ മണിക്കൂറിൽ തന്നെ വോട്ട് ചെയ്‌ത് താരനിര