കണ്ണൂർ: സർവകലാശാലയുടെ സിലബസിൽ ആർഎസ്എസ് സൈദ്ധാന്തികരുടെ പുസ്‌തകങ്ങൾ ഉൾപ്പെടുത്തിയ നടപടി പിൻവലിക്കില്ലെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. സവർക്കറും ഗോൾവാൾക്കറും ആരെന്ന് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾ അറിയണമെന്ന് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. പബ്ളിക്ക് അഡ്‌മിനിസ്ട്രേഷൻ പിജി മൂന്നാം സെമസ്‌റ്ററിലാണ് വിവാദ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത്.
ആർഎസ്എസ് സൈദ്ധാന്തികരുടെ രചനകൾ അക്കാദമിക പുസ്‌തകങ്ങളായി പരിഗണിക്കാത്തവ ആണെന്നും ഇവയിൽ വർഗീയ പരാമർശമുണ്ടെന്നുമാണ് പരാതി. ബോർഡ് ഓഫ് സ്‌റ്റഡീസ് രൂപീകരിക്കാതെയാണ് സിലബസ് തയ്യാറാക്കിയതെന്നും ആക്ഷേപമുണ്ട്. നീക്കത്തിനെതിരെ സംസ്‌ഥാന വ്യാപക പ്രതിഷേധം ഉയർത്തുമെന്നാണ് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നിലപാട്.
വിഡി സവർക്കറുടെ ‘ഹിന്ദുത്വ: ഹൂ ഈസ് ഹിന്ദു’, എംഎസ് ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’, ‘വീ ഔർ നാഷൻഹുഡ് ഡിഫൈൻഡ്’, ബൽരാജ് മധോകിന്റെ ‘ഇന്ത്യനൈസേഷൻ; വാട്ട് വൈ ആന്റ് ഹൗ’ തുടങ്ങിയ പുസ്‌തകങ്ങളാണ് സിലബസിൽ ഉൾപ്പെടുത്തിയത്.
Read also: ഖരമാലിന്യ സംസ്‌കരണം; അവാർഡ് തിളക്കത്തിൽ മീനങ്ങാടി പഞ്ചായത്ത്