യഥാർഥ ഒടിയനുമായി ‘കരുവ്’ വരുന്നു ; വിശേഷങ്ങളുമായി സംവിധായിക ശ്രീഷ്‌മ

By Banu Isahak, Official Reporter
 • Follow author on
Director Sreeshma R Menon
ശ്രീഷ്‌മ ആർ മേനോൻ

നവാഗതയായ ശ്രീഷ്‌മ ആർ മേനോൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന അടുത്ത ‘ഒടിയൻ’ ചിത്രമാണ് ‘കരുവ്’. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഈ ത്രില്ലർ ചിത്രത്തിൽ വിശാഖ് വിശ്വനാഥൻ, സ്വാതി ഷാജി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

കരുവിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ മികച്ച സ്വീകാര്യത നേടിയിരുന്നു. മോഹൻലാൽ നായകനായി 2018ൽ വന്ന ഒടിയനാണ് ഈ കാറ്റഗറിയിലെ മുൻപുള്ള ചിത്രം. വിഷയം ‘ഒടിയൻ’ ആണെങ്കിലും മുൻപ് വന്ന ചിത്രവുമായി യാതൊരു സാമ്യതയും ഈ ചിത്രത്തിനില്ല; പിന്നണി പ്രവർത്തകർ വ്യക്‌തമാക്കി.

ചലച്ചിത്ര നിർമാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സുധീർ ഇബ്രാഹിമാണ് കരുവ് നിർമിക്കുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിർവഹിക്കുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസാണ്.

ഒട്ടേറെ പ്രത്യേകതകളുള്ള, നിരവധി ചർച്ചകൾക്കും വഴിവെച്ചേക്കാവുന്ന ‘കരുവിന്റെ’ വിശേഷങ്ങളും തന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും മലബാർ ന്യൂസ് വായനക്കാർക്ക് വേണ്ടി പങ്കുവെക്കുകയാണ് മെഡിക്കൽ വിദ്യാർഥിനി കൂടിയായ യുവസംവിധായിക ശ്രീഷ്‌മ.

മെഡിക്കൽ വിദ്യാർഥിനിയിൽ നിന്ന് സംവിധായികയിലേക്ക്

എല്ലാവരെയും പോലെ തന്നെ സിനിമ എന്ന മോഹം മനസിൽ കൊണ്ട് നടന്ന ആളാണ് ഞാനും. പക്ഷേ, തിരക്കിട്ട പഠന ജീവിതത്തിനിടയിൽ അതൊരു മോഹമായി തന്നെ അവശേഷിച്ചു. 14 വർഷത്തോളം ക്‌ളാസിക്കൽ ഡാൻസ് പഠിച്ചു. വീട്ടുകാരും പഠനത്തിന് തന്നെ പ്രഥമ പരിഗണന നൽകിയതോടെ സിനിമാ മോഹം മനസിൽ സൂക്ഷിച്ച് ഒതുങ്ങിക്കൂടുകയായിരുന്നു. എങ്കിലും, പഠനത്തിന്റെ ഇടവേളകളിലും ഹോസ്‌റ്റൽ ജീവിതത്തിലും എന്റെ കൂട്ട് സിനിമ തന്നെയായിരുന്നു.

karuv-comes-with-the-real-odiyan-director-sreeshma-r-menon-sharing-happiness
ശ്രീഷ്‌മ ആർ മേനോൻ

എംബിബിഎസ് പഠനം പുരോഗമിക്കുന്ന സമയത്താണ് ‘കരുവ്’ മനസിലെത്തുന്നത്. ഈ ത്രെഡ് ഭർത്താവിനോട് പറഞ്ഞു. അദ്ദേഹം കട്ട സപ്പോർട്ട് തന്നു കൂടെനിന്നു. അങ്ങനെയാണ് കഥ വികസിക്കുന്നത്. ഉള്ളിലുള്ള സ്വപ്‌നത്തെ പൊടിതട്ടിയെടുക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു അത്.

പതുക്കെ വീട്ടുകാരുടെ പിന്തുണയും ലഭിച്ചു തുടങ്ങിയതോടെ സിനിമയെന്ന സ്വപ്‌നം കൈപ്പിടിയിൽ ഒതുക്കാൻ തീരുമാനിച്ചു. കഥയുടെ ആഴം കൃത്യമായി അറിയാവുന്ന വ്യക്‌തി എന്ന നിലയിൽ സംവിധാനം ചെയ്യാൻ മറ്റൊരാളെ അന്വേഷിക്കേണ്ടതില്ല എന്നൊരു പിന്തുണ നിർമാതാവും മറ്റുചിലരും കൂടി തന്നപ്പോൾ, ആ റോളും ഞാൻ തന്നെ നിർവഹിക്കാം എന്ന തീരുമാനത്തിലെത്തി.

ഒടിയനിലേക്ക് എത്തിയത് എങ്ങനെ?

‘ഒടിയൻ’ എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്നത് മോഹൻലാലിന്റെ രൂപമാണ്. 2018ൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്‌ത ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ. ശ്രീഷ്‌മ പറയുന്നു; ‘ഏറെ പ്രതീക്ഷകളോടെയാണ് സിനിമ കാണാൻ പോയതെങ്കിലും തന്റെ പ്രതീക്ഷകളെ തീരെ തൃപ്‌തിപ്പെടുത്താൻ ഈ ചിത്രത്തിനായില്ല. അതിന് വ്യക്‌തമായ കാരണവുമുണ്ട്. പാലക്കാട്ടെ കൊച്ചുകുട്ടികൾക്ക് വരെ മനപാഠമായ ഇരുളിന്റെ രാജാവായ ഒടിയനെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ ആ സിനിമക്ക് സാധിച്ചില്ല എന്നതാണ് സത്യം.

ശ്രീഷ്‌മയെന്ന മെഡിക്കൽ വിദ്യാർഥിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അവിടെ ആരംഭിച്ചത്. ഒടിയൻ കഥ പ്രതീക്ഷിച്ച് തിയേറ്ററിലെത്തിയ പ്രേക്ഷകർ കൂവിവിളിച്ച് തിയേറ്റർ വിടുന്നത് ഒടിയന്റെ നാടായ പാലക്കാട് ജില്ലയിൽ ഞാൻ അനുഭവിക്കുകയായിരുന്നു. ഇവിടെയാണ്‌ എന്റെ ചിന്ത ആരംഭിക്കുന്നത്, കുഞ്ഞുനാൾ മുതൽ കണ്ടും കേട്ടും അനുഭവിച്ച യഥാർഥ ഒടിയനെ അതേപോലെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചാൽ നന്നായിരിക്കില്ലേ?

Karuvu-Malayalam-Movie-_-New-Odiyan-Movieഈ ചിന്തയാണ് കരുവ് എന്ന കഥയിലേക്ക് എന്നെ എത്തിച്ചത്. ഒടിയന്റെ ജാലവിദ്യകളും മാന്ത്രികതയും ചരിത്രവും പരമാവധി നീതിയോടെ ചിത്രീകരിച്ചാൽ അതൊരു കാഴ്‌ചാ അനുഭവമായിരിക്കും എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഈ ചിന്തക്ക് ചിലരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഞാനും സിനിമയും തമ്മിലുള്ള ദൂരം കുറയുകയായിരുന്നു‘; ശ്രീഷ്‌മ പറഞ്ഞു.

പുതുമുഖങ്ങൾ മതി

എന്റെ ഭർത്താവും സുഹൃത്തുക്കളുമടക്കം നിരവധി പേർ സിനിമാ മേഖലയിൽ ചാൻസ് ചോദിച്ച് തഴയപ്പെട്ടിട്ടുണ്ട്. മുൻനിരയിലുള്ളവരും അവരുടെ കുടുംബാംഗങ്ങളും മാത്രം ശ്രദ്ധിക്കപ്പെടുമ്പോൾ കഴിവുള്ളവർ വീണ്ടും പിന്തള്ളപ്പെടുകയാണ്. ഇത്തരം പ്രവണതകൾക്ക് മാറ്റം കൊണ്ടുവരാൻ മലയാള സിനിമയിലെ പലരും ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ടുമാത്രമാണ് സിനിമാ കുടുംബത്തിന് പുറത്ത് നിന്ന് ചിലരെങ്കിലും ചലച്ചിത്ര ലോകത്തുള്ളത്. എന്റെയും എളിയശ്രമം ഇതിനാണ്. അതുകൊണ്ടാണ് കരുവിൽ പുതുമുഖങ്ങൾക്ക് മുൻഗണന നൽകിയത്’ – ശ്രീഷ്‌മ നിലപാട് വ്യക്‌തമാക്കി.

Karuvu-Malayalam-Movie-_-New-Odiyan-Movieഒരു കാര്യം മാത്രമേ ഞാൻ അഭിനേതാക്കളോട് ആവശ്യപ്പെട്ടിരുന്നുള്ളൂ, നിങ്ങൾ കഥാപാത്രമായി അഭിനയിക്കേണ്ടതില്ല, ജീവിച്ചു കാണിച്ചാൽ മാത്രം മതി. ഈ ആവശ്യം വളരെ ഭംഗിയായി തന്നെ ഓരോ അഭിനേതാക്കളും നിർവഹിച്ചുവെന്ന അഭിമാനം ശ്രീഷ്‌മയുടെ വാക്കുകളിൽ പ്രകടമായിരുന്നു.

അഷ്റഫ് ഗുരുക്കൾ എന്ന അൽഭുതം

പേര് മാത്രം കേട്ടിട്ടുള്ള ഒരു വ്യക്‌തിയെ നേരിട്ട് കാണുന്ന കൗതുകം പിന്നീട് അൽഭുതമായി മാറിയത് അഷ്റഫ് ഗുരുക്കളുടെ വരവോട് കൂടിയാണ്. 1989 മുതൽ സിനിമാ രംഗത്തുള്ള വ്യക്‌തിയാണ് അഷ്റഫ് ഗുരുക്കൾ. അപകടകരമായ സംഘട്ടന രംഗങ്ങൾ 90ൽ പരം ചിത്രങ്ങൾക്കായി ഒരുക്കിയിട്ടുള്ള അഷ്റഫ് ഗുരുക്കളാണ് കരുവിന്റെ സ്‌റ്റണ്ട് മാസ്‌റ്റർ എന്നത് ഏറെ അഭിമാനം നൽകുന്ന കാര്യമാണ്. പ്രായത്തിന്റെ യാതൊരു അവശതകളും ഇല്ലാതെ സെറ്റിൽ ഊർജസ്വലതയോട് കൂടിയാണ് അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നത്. കണ്ണടച്ച് തുറക്കുന്നതിന് മുൻപ് ചടുലമായ ആക്ഷൻ രംഗങ്ങൾ കാണിച്ച് വിസ്‌മയിപ്പിക്കുന്ന അഷ്റഫ് ഗുരുക്കൾ കരുവ് ടീമിന് ഒരു മുതൽക്കൂട്ട് തന്നെയായിരുന്നു.

മലയാള സിനിമയുടെ സ്വന്തം കുളപ്പുള്ളി ലീലയെ കുറിച്ചും ശ്രീഷ്‌മക്ക് അഭിമാനമാണ്. മലയാളത്തിൽ നിന്ന് തമിഴിലേക്ക് ചേക്കേറിയ ലീല ചേച്ചിയെ ഏറെ കഷ്‌ടപ്പെട്ടാണ് കരുവിന്റെ ഭാഗമാക്കിയത്. ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്‌തമായ ഒന്നാണ് കരുവിൽ കുളപ്പുള്ളി ലീല അവതരിപ്പിച്ചിരിക്കുന്നത്. അത് എല്ലാവർക്കും ഇഷ്‌ടപ്പെടുമെന്നതും തീർച്ച.

karuv-comes-with-the-real-odiyan-director-sreeshma-r-menon-sharing-happiness
കരുവ് ടീം അംഗങ്ങൾ

ശബ്‌ദ ഗാംഭീര്യം കൊണ്ട് വിസ്‌മയിപ്പിച്ച ഷോബി തിലകൻ, കുടുംബവിളക്ക് സീരിയൽ താരം സുമേഷ് സുരേന്ദ്രൻ, കാണ്ഡഹാർ, കാഞ്ചി തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച കണ്ണൻ പട്ടാമ്പി എന്നിവരും കരുവ് കൂട്ടായ്‌മയുടെ പ്രധാന ഭാഗങ്ങളാണ്  ശ്രീഷ്‌മ പറഞ്ഞു.

‘പോസിറ്റീവ്’ ആയ പ്രൊഡ്യൂസർ

പാലക്കാട് സ്വദേശിയായ സുധീർ ഇബ്രാഹിമാണ് കരുവിന്റെ നിർമാതാവ്. നല്ലൊരു സിനിമാ മോഹിയാണ് ഇദ്ദേഹം. സൗഹൃദങ്ങൾക്ക് ഏറെ വില കൽപിക്കുന്ന ഒരു വ്യക്‌തി കൂടിയാണ് സുധീർ. എന്ത് പ്രശ്‌നത്തിനുമുള്ള പരിഹാരം ഇദ്ദേഹത്തിന്റെ കയ്യിലുണ്ട് എന്നതാണ് ഏറ്റവും വലിയ പോസിറ്റിവിറ്റി. മനുഷ്യരാൽ പരിഹരിക്കപ്പെടാത്ത യാതൊരു പ്രശ്‌നവും ഭൂമിയിലില്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് അദ്ദേഹം. സംസാരിച്ച് തുടങ്ങിയാൽ തന്നെ ഒരു പോസിറ്റീവ് എനർജി നമുക്ക് പകർന്നു തരാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്; ശ്രീഷ്‌മ പറഞ്ഞു.

karuv-comes-with-the-real-odiyan-director-sreeshma-r-menon-sharing-happiness
സുധീർ ഇബ്രാഹിം

വെബ് സീരീസിൽ നിന്ന് സിനിമയിലേക്ക്

അതെ, ഇതൊരു വെബ് സീരീസായി ചെയ്യാൻ വേണ്ടി തുടങ്ങിയ കഥയാണ് എന്നതാണ് സത്യം. പക്ഷെ, ഒരു സിനിമയാക്കുന്നതാണ് നല്ലതെന്ന നിർദ്ദേശം മുന്നോട്ടുവെച്ചത് കരുവിന്റെ പ്രൊജക്‌ട് ഡിസൈനര്‍മാരായ റിയാസ് എംടി, സായ് വെങ്കിടേഷ് എന്നിവരാണ്. ഇവർ തന്നെയാണ് സംവിധാനംശ്രീഷ്‌മ നിർവഹിച്ചാൽ മതിയെന്ന നിർദ്ദേശവും മുന്നോട്ടുവച്ചത്. അങ്ങിനെയാണ് ഈ രീതിലേക്ക് ഇത് വളർന്നത്. സുധീർ നിർമാണവും ഏറ്റെടുത്തു. ഇതോടെയാണ് കരുവ് പൂർണ വളർച്ചയിലേക്ക് എത്തിയത് എന്നുപറയാം. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാനുള്ള തീരുമാനത്തിന് പിന്തുണ നൽകിയതും സുധീർ തന്നെയാണ്. –ശ്രീഷ്‌മ കൂട്ടിച്ചേർത്തു.

ഷൂട്ടിങ് വിശേഷങ്ങൾ

നവാഗത എന്ന നിലയിൽ ഏറെ ടെൻഷനോട് കൂടി തന്നെയാണ് ഞാൻ ആദ്യദിവസം സെറ്റിലേക്ക് എത്തിയത്. എന്നാൽ ആ ടെൻഷന്‌ ഒരു ദിവസത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളരെ പെട്ടെന്ന് തന്നെ ഷൂട്ടിങ് സെറ്റ് ഒരു കുടുംബം പോലെയായി മാറി. 2021 ഫെബ്രുവരി 10നാണ് കരുവിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പാലക്കാട് ജില്ലയിലെ കാവശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നായിരുന്നു തുടക്കം. പൂർണമായും പാലക്കാടിന്റെ പ്രകൃതിഭംഗിയിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്.

karuv-comes-with-the-real-odiyan-director-sreeshma-r-menon-sharing-happiness

കോവിഡിന്റെ പ്രതിസന്ധികളേക്കാൾ കരുവ് നേരിട്ടത് മറ്റൊരു വെല്ലുവിളിയാണ്. ഷൂട്ടിങ്ങിനായി നേരത്തെ തന്നെ അനുമതി എടുത്തിരുന്നെങ്കിലും ചില രാഷ്‌ട്രീയ നേതാക്കളുടെ ഇടപെടൽ തടസം സൃഷ്‌ടിച്ചു. എന്നാൽ, കേരള പോലീസിന്റെ പിന്തുണ കൂടിയായതോടെ ഷൂട്ടിങ് സുഗമമായി തന്നെ നടന്നു; ശ്രീഷ്‌മ പറഞ്ഞു.

ജീവിതത്തിലെ ‘നായകൻ’ തന്നെ സിനിമയിലും

വളരെ രഹസ്യമായി സൂക്ഷിച്ച ഒരു കാര്യം പുറത്തായതിന്റെ നിരാശയും അതേസമയം സന്തോഷവും ഒരു ചിരിയിൽ ഒതുക്കി ശ്രീഷ്‌മ പറഞ്ഞു അതെ, വിശാഖ് വിശ്വനാഥാണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത്. എന്റെ ജീവിത പങ്കാളിയാണ് വിശാഖ്. ഒരു തനി സിനിമാ പ്രേമി, അഭിനയം ഏറെ ഇഷ്‌ടപ്പെടുന്ന ഒരു വ്യക്‌തി. അതിനാൽ, കഥ പൂർത്തിയാകുമ്പോൾ ഒടിയന്റെ വേഷം ചെയ്യാമോ എന്ന് ചോദിച്ച് ഞാൻ ആദ്യം സമീപിച്ചത് വിശാഖിനെയാണ്. അധികം ചിന്തിക്കുക പോലും ചെയ്യാതെ അദ്ദേഹം ഒകെ പറഞ്ഞതോടെ ആത്‌മവിശ്വാസം ഇരട്ടിയായി.

Sreeshma r Menon with Her Husband And Child
കരുവിലെ നായകനും തന്റെ ഭർത്താവുമായ വിശാഖ് വിശ്വനാഥിനും മകൾക്കുമൊപ്പം

അദ്ദേഹം സിനിമ അങ്ങേയറ്റം ഇഷ്‌ടപ്പെടുന്നൊരു വ്യക്‌തിയാണ്. എന്തിനും തയാറാണ്. ആ കഥാപാത്രം ചെയ്യാൻ അദ്ദേഹം തയ്യാറായതോടെ വലിയൊരു പോസിറ്റീവ് എനർജിയാണ് ലഭിച്ചത്. അതിനാലാണ് അദ്ദേഹം അഭിനയിച്ച പ്രധാന സീൻ തന്നെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ നൽകിയത്; ശ്രീഷ്‌മയുടെ വാക്കുകളിൽ വിശാഖ് പകർന്ന് നൽകിയ പോസിറ്റീവ് എനർജി പ്രകടമായിരുന്നു.

തന്റെ ജീവിതത്തിലെ നായകൻ തന്നെയാണ് ആദ്യ സിനിമയിലും എന്ന കാര്യം ഇതുവരെ ഞാനോ ‘കരുവ്’ ടീമോ പുറത്തുവിട്ടിട്ടില്ല. ഇക്കാര്യം പുറത്തറിയാതിരിക്കാൻ സമൂഹ മാദ്ധ്യമങ്ങളിൽ പോലും ഏറെ മുൻകരുതലുകൾ എടുത്തിരുന്നു ശ്രീഷ്‌മ പറഞ്ഞു.

സീൻ നന്നാവാൻ വേണ്ടി എന്തുപറഞ്ഞാലും അതൊരു മടിയും കൂടാതെ ചെയ്യുന്ന പ്രകൃതമാണ് വിശാഖിന്റെത്. പാലക്കാട് ജില്ലയിലെ ആലത്തൂർ സ്വദേശിയാണ്. പഠനവും ജോലിയുമെല്ലാം കോയമ്പത്തൂരിൽ ആയതിനാൽ ഒരു തമിഴ് ചായ്‌വും വിശാഖിനുണ്ട്. എല്ലാവരെയും പോലെ നല്ലൊരു നടൻ ആവണമെന്നതാണ് ഇദ്ദേഹത്തിന്റെയും സ്വപ്‌നം. വിശാഖിന്റെ സ്വപ്‌നത്തിന്റെ സാക്ഷാത്‌കാരം കൂടിയാണ് ‘കരുവ്’.

Karuvu Malayalam Movieഎന്നാൽ, ഞങ്ങളുടെ പ്രധാന താരം മറ്റൊരാളാണ്. മകളായ രണ്ടുവയസുകാരി യാമി. അച്ഛനും അമ്മയും ഷൂട്ടിങ് തിരക്കുകളിൽ പെട്ടുപോയപ്പോഴും പരിഭവങ്ങളില്ലാതെ യാമി ഒപ്പം നിന്നു. സിനിമയിൽ യാമിക്കൊരു വേഷം നൽകണമെന്ന് ആഗ്രഹമുണ്ടായിരുന്നു എങ്കിലും സാഹചര്യം അനുവദിച്ചില്ല – ശ്രീഷ്‌മ വിഷമം രേഖപ്പെടുത്തി.

റിലീസ് ഒടിടിയിലൂടെ

ഷൂട്ടിങ് പൂർത്തിയായ ‘കരുവ്’ ഇപ്പോൾ എഡിറ്റിങ്ങിന്റെ അവസാന ഘട്ടത്തിലാണ്. രണ്ടാഴ്‌ചക്കകം ട്രെയ്‌ലർ പുറത്തിറക്കാനാണ് പദ്ധതി. കോവിഡ് പ്രതിസന്ധി കാരണം തിയേറ്ററിൽ റിലീസ് ചെയ്യുന്നത് തിരിച്ചടിയാകുമെന്ന ബോധ്യമുള്ളതിനാൽ കരുവ് ഒടിടി പ്‌ളാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് തീരുമാനം.

‘കരുവ്’ ടൈറ്റിൽ വന്ന വഴി

കേൾക്കുമ്പോൾ തന്നെ ഏറെ കൗതുകം തോന്നുന്ന പേരാണ് കരുവ്. വ്യത്യസ്‌തമായ ആ പേര് തിരഞ്ഞെടുത്തതിന് പിന്നിലും ഒരു കഥയുണ്ട്. ആദ്യം ചിത്രത്തിന് വേണ്ടി തിരഞ്ഞെടുത്ത പേര് പൗർണമി എന്നായിരുന്നു. എന്നാൽ, പിന്നീടാണ് ആ പേര് ഇതിനോടകം തന്നെ മറ്റൊരു ചിത്രത്തിന് അനൗൺസ് ചെയ്‌തിരുന്നു എന്ന് മനസിലായത്. ആ സമയത്താണ് സണ്ണി വെയ്‌ൻ നായകനാകുന്ന ‘സ്‌റ്റാറിങ് പൗർണമി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയത്. ഇതോടെ പൗർണമി എന്ന പേര് ഉപേക്ഷിക്കേണ്ടി വന്നു.

ചിത്രത്തിന് യോജിക്കുന്ന മറ്റൊരു പേരിനായുള്ള തിരച്ചിലിനൊടുവിലാണ് കരുവ്ലേക്ക് എത്തിയത്. മൂന്ന് മുതൽ അഞ്ച് മാസം വരെ പ്രായമായ ഗർഭസ്‌ഥ ശിശുവിനെയാണ് കരുവ് എന്ന് വിശേഷിപ്പിക്കുന്നത്. ഗർഭസ്‌ഥ ശിശുവിൽ നിന്നുണ്ടാക്കുന്ന ഒരുതരം മരുന്ന് ഉപയോഗിച്ചാണത്രേ ഒടിയൻ അവന്റെ ഒടിവിദ്യകൾ കാണിക്കുന്നത്. അങ്ങനെയാണ് എന്റെ ആദ്യ ചിത്രത്തിന്റെ തലക്കെട്ട് ഒരുങ്ങിയത്, കരുവ്: ഇരുളിന്റെ രാജാവ്.

karuv-comes-with-the-real-odiyan-director-sreeshma-r-menon-sharing-happiness
കരുവ് ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

ഡിസംബറിൽ കരുവിന്റെ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത പിന്തുണയാണ് ലഭിച്ചത്. ശ്രീഷ്‌മ എന്ന വ്യക്‌തി ആരാണ്? സിനിമാ പശ്‌ചാത്തലമുള്ള വ്യക്‌തിയാണോ സംവിധായിക? എന്നീ ചോദ്യങ്ങളുമായി പലരും എന്നെ തിരഞ്ഞു. ആദ്യം തോന്നിയ കൗതുകം പിന്നീട് വലിയൊരു ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത് എന്ന തിരിച്ചറിവിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത്. അത് കഴിവിന്റെ പരമാവധി ഭംഗിയാക്കുമെന്ന ആത്‌മവിശ്വാസവും എനിക്കുണ്ട്.

പഠനവും സിനിമയും

കരുവ് രണ്ട് മാസത്തിനകം റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞതോടെ ഇപ്പോൾ പഠനത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌. മുക്കം കെഎംസിടി മെഡിക്കൽ കോളേജിലെ ഫൈനൽ ഇയർ വിദ്യാർഥിനിയാണ് ഞാൻ. പഠനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. നിലവിൽ ഓൺലൈൻ ക്‌ളാസുകളും പരീക്ഷക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകളുമാണ് നടക്കുന്നത്. കൂട്ടത്തിൽ, ഒരു തിരക്കഥയുടെ പണിപ്പുരയിൽ കൂടിയാണ്. അതുമൊരു ത്രില്ലർ തന്നെയാണ്. പരീക്ഷാ തിരക്കുകൾക്കിടയിലും കൂട്ടായി സിനിമയെന്റെ കൂടെ തന്നെയുണ്ട്.

Karuvu Malayalam Movie

മലയാളത്തിലേക്ക് ഒടിയന്റെ ജാലവിദ്യയുമായി കടന്നുവന്ന് വീണ്ടും നല്ല സിനിമകളുടെ ഭാഗമാകാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ശ്രീഷ്‌മ. ഇനി കാത്തിരിക്കാം, കരുവിനായി..ഇരുളിന്റെ രാജാവിന്റെ വരവിനായി.

– Edited on 06-06-2021 (12.25AM)

പൂർണ്ണ വായനയ്ക്ക്

Also Read: ‘ക്ളബ്ഹൗസിൽ’ ബിഗ്ബി ഐക്കാണായേക്കും; ഇന്ത്യക്കാർക്ക് സ്വീകാര്യരായവരുടെ പട്ടികയിൽ ‘ബിഗ്‌ബി 

Mechart

COMMENTS

  • താങ്കളുടെ ഇമെയിൽ ഐഡിയിലേക്ക് അയച്ചിട്ടുണ്ട്.

 1. ഒരു പാലക്കാട്ടുകാരൻ സംവിധായകൻ ഒടിയനെ കാണിച്ചുതരാന്നും പറഞ്ഞു പറ്റിച്ചു… ഈ പാലക്കാട്ടുകാരിയെങ്കിലും പറ്റിക്കാതിരുന്നാൽ നല്ലത്… ഇതും പറ്റിപ്പായാൽ സിനിമാലോകത്തുള്ള മൊത്തം പാലക്കാട്ടുക്കാർക്കും ചീത്തപ്പേരാകും 😥😥😫

 2. പേരും പോസ്‌റ്ററുകളും പോലെ സിനിമയും സൂപ്പറാകട്ടെ.. സംവിധായിക ഡോക്ടറായത് കൊണ്ട് എന്തെങ്കിലുമൊക്കെ കാണുമായിരിക്കും… ബാക്കി കണ്ടിട്ട് പറയാം…

 3. സംവിധായികയുടെ ആദ്യ സിനിമ😇 ഭർത്താവ് നായകൻ 😆മോളെയും കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ … 😛😛വാ പോകാം…🏋‍♀️🏋‍♀️

 4. ഒരു സിനിമാ സംവിധായകനാകുക എന്ന മോഹം നടപ്പിലാക്കാനുള്ള ബുദ്ധിമുട്ടു വർഷങ്ങളായി ശ്രമിക്കുന്ന എനിക്ക് മനസിലാകും. മാഡവും ടീമും ധൈര്യമായി മുന്നോട്ടു പോകണം. ഡിമോട്ടീവ് കമന്റ്സ് മൈൻഡാക്കണ്ട.. മാഡത്തിന് സംവിധായിക ആകാനുള്ള ധൈര്യം നൽകിയ അവരോടും ഈ സിനിമ നിർമിക്കാൻ പണം മുടക്കിയ ആളോടും വലിയ ബഹുമാനം. 💐💐💐ഇങ്ങനെയുള്ള ആളുകൾ കാരണമാണ് കുറെ പേര് വളരുന്നത്. കരുവിന് വേണ്ടി കട്ട വെയ്റ്റിംഗ്…..👍👍

 5. ജാലവിദ്യകൾ എല്ലാക്കാലത്തും പ്രേക്ഷകന് അത്ഭുതം തന്നെയാണ്. കരുവിലൂടെ ഒടിയൻ്റെ യഥാർത്ഥ വിദ്യകൾക്കായി കാത്തിരിക്കുന്നു. ഗ്രീഷ്മക്കും ടീം അംഗങ്ങൾക്കും ആശംസകൾ .

 6. വായിക്കാനിത്തിരി നീളം കൂടി ….വായിച്ചു കഴിഞ്ഞപ്പോ സന്തോഷമായി……..എല്ലാ ഭാവുകങ്ങളും…💐💐💐

 7. കുറേ സ്ത്രീകൾ സിനിമാ പിന്നണിയിൽ കടന്നുകൂടുന്നത് കാണുമ്പോൾ നാടിനെ കുറിച്ചഭിമാനം തോനുണു .. കരുവിന് എല്ലാ വിജയാശംസകളും… കട്ട വൈറ്റിങാണ്.. 💪പ്കഷെ, ഇതൊക്കെ വായിച്ചിട്ട് ഓടിയനെ കാണാൻ പോയിട്ട് കണ്ടില്ലങ്കി ബാക്കി ഗൂഗിളില് പറഞ്ഞോളാം..✍️✍️😛😛

 8. As a Photojournalist, first of all, I am congratulating the reporter. bcoz, the reporter who prepared the interview has a bright future, and of course, congratulating the entire KARUVU team too. All the very best Sreeshma.

 9. നിർമ്മാതാവിനെ സമ്മതിക്കണം, പുതിയ സംവിധായിക..
  പുതിയ തിരക്കഥാകൃത്ത്…
  പുതുമുഖ നായകൻ……
  എന്നിട്ടും ധൈര്യമായി പണംമുടക്കി… കേരളത്തിലെ ഏറ്റവും ധൈര്യശാലിയായ നിർമ്മാതാവ്…. എല്ലാർക്കും വിജയാശംസകൾ….

 10. അഭിനന്ദനങ്ങൾ ചേച്ചി… എല്ലാവർക്കും ലഭ്യമാകുന്ന നല്ല ഏതെങ്കിലും ഒടിടിക്ക് കൊടുക്കണേ….😊😏

 11. Thank you so much to all including the media for supporting us and our new venture.. We are overwhelmed by the response from the release of title poster upto the second look poster of the movie Karuvu king of Darkness..

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE