വാർത്തകൾ ശരിയെങ്കിൽ നടന്നത് രാജ്യദ്രോഹക്കുറ്റം; ബിജെപി നേതാവ് പിപി മുകുന്ദന്‍

By Syndicated , Malabar News
bjp-kerala

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ശരിയാണെങ്കിൽ അത് രാജ്യദ്രോഹക്കുറ്റം തന്നെയെന്ന് ബിജെപി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. ഏഷ്യാനെറ്റ് ന്യൂസ് അവറിലായിരുന്നു മുകുന്ദന്റെ പ്രതികരണം. കുഴല്‍പ്പണ കേസുകളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പിപി മുകുന്ദന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസ്, ജെആര്‍പി നേതാവ് സികെ ജാനുവുമായി ബന്ധപ്പെട്ട പണമിടപാട് കേസ് തുടങ്ങിയവയിൽ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു കേഡര്‍ പാര്‍ട്ടി എന്ന നിലക്ക് ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. സമഗ്രമായ അന്വേഷണം നടത്തട്ടെ. പിണറായി സര്‍ക്കാരിന്റെ പോലീസ് ആണല്ലോ. അന്വേഷണം സ്വാഗതം ചെയ്യുന്നു. കേന്ദ്ര നേതൃത്വം ആഭ്യന്തരമായി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. ബിജെപിയിലെ നേതാക്കള്‍ക്ക് മാനസികമായി വിഷമമുണ്ടാക്കിയ സംഭവമാണിത്.

ഇത്തരമൊരു കാര്യം സംഭവിക്കാന്‍ പാടില്ലായിരുന്നു. 25 ലക്ഷം എന്നത് ഇപ്പോള്‍ ഒന്നര കോടിയായി. ഇനിയും ഉണ്ടെന്ന് കേള്‍ക്കുന്നു. വിഷയത്തെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഇത് തെറ്റാണ്. ബിജെപി പ്രവർത്തകർ ഉണ്ടെങ്കിൽ ശരിയായ നടപടിയെടുക്കണം. ഇങ്ങനെയൊന്ന് നടന്നിട്ടുണ്ടെങ്കില്‍ ഇത് രാജ്യദ്രോഹക്കുറ്റമാണ്. കേന്ദ്രത്തിന്റെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സുരേന്ദ്രനും അന്വേഷണത്തെ എതിര്‍ത്തിട്ടില്ല. സമഗ്രമായ അന്വേഷണം വേണം”- പിപി മുകുന്ദന്‍ പറഞ്ഞു.

എന്‍ഡിഎ സ്‌ഥാനാര്‍ഥിയാകാന്‍ സികെ ജാനുവിന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ 10 ലക്ഷം രൂപ നൽകിയെന്ന് ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി സംസ്‌ഥാന ട്രഷറർ പ്രസീത അഴീക്കോടാണ് ആരോപണം ഉന്നയിച്ചത്. നേരത്തെ പ്രസീതയും ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം ശരിവച്ചു കൊണ്ട് പ്രസീത കണ്ണൂരിൽ വാർത്താ സമ്മേളനം നടത്തിയത്.

കൂടാതെ കൊടകര കുഴല്‍പ്പണ കേസിലും ബിജെപി സംസ്‌ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ക്കാണ് ബിജെപി ജില്ലാ നേതാവും കേസിലെ പരാതിക്കാരനുമായ ധര്‍മരാജനെ ഫോണില്‍ ബന്ധപ്പെട്ടതെന്ന നേതാക്കളുടെ മൊഴി പോലീസ് തള്ളിയിരുന്നു. ധര്‍മരാജന് തിരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

ഇതോടെ സംഭവത്തിൽ ബിജെപി കൂടുതൽ പ്രതിരോധത്തിലാവുകയാണ്. കേന്ദ്ര നേതൃത്വവും വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പുതിയ ആരോപണം കൂടി ഉയർന്ന് വന്നതോടെ സംസ്‌ഥാന നേതൃത്വം കൂടുതൽ പ്രതിസന്ധിയിലായി.

Read also: സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം 9 മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE