കൽപ്പറ്റ: മറ്റന്നാൾ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് കലാശക്കൊട്ട്. അവസാനവട്ട പ്രചാരണത്തിന്റെ തിരക്കിട്ട നീക്കങ്ങളിലാണ് സ്‌ഥാനാർഥികൾ.
രാഷ്‌ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന ലോക്‌സഭാ മണ്ഡലമാണ് വയനാട്. ബത്തേരിയിൽ രാവിലെ പത്തിനും കോഴിക്കോട് തിരുവമ്പാടിയിൽ ഉച്ചകഴിഞ്ഞു മൂന്നിനും നടക്കുന്ന റോഡ് ഷോകളിൽ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി പങ്കെടുക്കും.
എൽഡിഎഫ് സ്‌ഥാനാർഥി സത്യൻ മൊകേരി വൈകിട്ട് നാലിന് കൽപ്പറ്റയിൽ റോഡ് ഷോ നടത്തും. ബത്തേരി ചുങ്കത്താണ് എൻഡിഎ സ്‌ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചാരണ സമാപനം. ചേലക്കരയിൽ എൽഡിഎഫ് സ്‌ഥാനാർഥി യുആർ പ്രദീപിന് വേണ്ടി കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആറ് പൊതുയോഗങ്ങളിൽ പ്രസംഗിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പ്രചാരണത്തിന് നേതൃത്വം നൽകി.
കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും യുഡിഎഫ് സ്‌ഥാനാർഥി രമ്യ ഹരിദാസിന്റെ പ്രചാരണം നയിച്ചു. തൃശൂരിലെ ജയത്തിന്റെ ആവേശം ചേലക്കരയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎയും സ്‌ഥാനാർഥി കെ ബാലകൃഷ്‌ണനും.
അതേസമയം, ഹോട്ടലിൽ കള്ളപ്പണം എത്തിച്ചെന്ന ഇടതുപക്ഷ നേതാക്കളുടെ പ്രചാരണത്തിനെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്യുമെന്ന് പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്‌ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പെട്ടി മടക്കി വെറുതെയിരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇനിയും നാടകങ്ങൾ സിപിഎമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നു. വ്യാജനെന്ന് പലതവണ വിളിച്ചപ്പോഴും സഹിച്ചതാണ്. ഇനി അങ്ങനെ വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞു. ഈ മാസം 20നാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പ്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!