എറണാകുളം : ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജി കോടതി തള്ളി. ഭരണപരിഷ്‌കാര നിർദേശങ്ങളുടെ കരട് രൂപം മാത്രമാണ് ഇപ്പോഴുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. കെപിസിസി സെക്രട്ടറി നൗഷാദ് അലിയാണ് ദ്വീപിലെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.
ലക്ഷദ്വീപിൽ നടത്താൻ ഉദ്ദേശിക്കുന്ന ഭരണ പരിഷ്‌കാരങ്ങളും ഉത്തരവുകളും സംബന്ധിച്ച കരട് രൂപം മാത്രമാണ് ഇപ്പോഴുള്ളതെന്നും അത് നിയമമായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ മാത്രമാണ് ഇപ്പോൾ തേടുന്നതെന്നും, ഈ ഘട്ടത്തിൽ ഹരജിയിൽ ഇടപെടാൻ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു. പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയതിന് ശേഷം മാത്രമേ പൊതുവായ നടപടിയിലേക്ക് കടക്കുകയുള്ളൂ എന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം കണക്കിലെടുത്താണ് കോടതി ഹരജി തള്ളിയത്.
ജസ്‌റ്റിസുമാരായ മുരളി പുരുഷോത്തമന്‍, എസ്‌വി ഭട്ടി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ലക്ഷദ്വീപിൽ വരുത്താൻ ഉദ്ദേശിക്കുന്ന ഭരണ പരിഷ്‌കാരങ്ങൾ നിയമവിരുദ്ധമാണെന്നും, ഇത് ദ്വീപിന്റെ പാരമ്പര്യ തനിമക്ക് എതിരാണെന്നും ഹരജിയിൽ വ്യക്‌തമാക്കിയിരുന്നു. എന്നാൽ ഈ വാദങ്ങൾ എല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു. കൂടാതെ ചാനൽ ചർച്ചയിൽ ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്റർക്ക് എതിരെ നടത്തിയ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹരജി ഉച്ചക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.
Read also : കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി, ഭീതിയിൽ ബത്തേരി; ക്യാമറകൾ സ്‌ഥാപിച്ചു