തിരുവനന്തപുരം: മലപ്പുറത്തെ നിപ ഭീതി അകലുന്നു. 20 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി ഇന്ന് നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 267 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്.
177 പേർ പ്രാഥമിക സമ്പർക്ക പട്ടികയിലും 90 പേർ കോണ്ടാക്‌ട് പട്ടികയിലുമാണ്. പ്രാഥമിക പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ സ്‌ഥിതിഗതികൾ വിലയിരുത്തി. രോഗലക്ഷണങ്ങളുമായി ഒരാളെ ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഈ വ്യക്‌തിയടക്കം നാലുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും 28 പേർ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിലും ചികിൽസയിലുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് മികച്ച മാനസിക പിന്തുണയാണ് നൽകിവരുന്നത്. ഇന്ന് മൂന്നുപേർ ഉൾപ്പടെ 268 പേർക്ക് കോൾ സെന്റർ വഴി മാനസിക പിന്തുണ നൽകി.
സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ബെംഗളൂരുവിൽ ക്വാറന്റെയ്‌നിൽ കഴിയുന്ന, നിപ ബാധിച്ചു മരിച്ച 24 വയസുകാരന്റെ സഹപാഠികൾക്ക് സർവകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏർപ്പെടുത്തി നൽകാൻ കഴിഞ്ഞതായും മന്ത്രി യോഗത്തിൽ അറിയിച്ചു. ഇതിനായി സംസ്‌ഥാന ആരോഗ്യവകുപ്പ് കർണാടക ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടിരുന്നു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ