ന്യൂഡെൽഹി: ഖലിസ്‌ഥാൻ നേതാവ് അമൃത്പാൽ സിങ് പോലീസിൽ കീഴടങ്ങിയതായി റിപ്പോർട്. ഇന്ന് പുലർച്ചയോടെ പഞ്ചാബിലെ മോഗയിൽ കീഴടങ്ങിയതായാണ് വിവരം. അമൃത്പാലിനെ മോഗ പോലീസ് അറസ്‌റ്റ് ചെയ്‌തതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അമൃത്പാലിനെ അസമിലെ ദിബ്രുഗഡിലേക്ക് മാറ്റിയേക്കും.
റോഡ് അപകടത്തിൽ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാൽ ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പം സഞ്ചരിക്കുന്ന അമൃത്പാലിന്റെ പല നടപടികളും വിവാദത്തിന് കാരണമായിരുന്നു. ഫെബ്രുവരി 23ന് പഞ്ചാബിൽ ഉണ്ടായ വൻ സംഘർഷവും ഇയാൾ ആസൂത്രണം ചെയ്‌തെന്നാണ് ആരോപണം.
ഒപ്പമുള്ള ലവ്‍പ്രീതി സിംഗിനെ അജ്‌നാന പോലീസ് പിടികൂടിയപ്പോൾ ഫെബ്രുവരി 24ന് അമൃത്പാലിന്റെ അനുയായികൾ ആയുധങ്ങളുമായി പോലീസ് സ്‌റ്റേഷനിൽ അതിക്രമിച്ചു കയറിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, വധശ്രമം, പോലീസുകാരെ കയ്യേറ്റം ചെയ്യൽ അടക്കമുള്ള ആറ് കുറ്റങ്ങൾ ഇയാൾക്കെതിരെ നിലവിൽ ഉണ്ട്. മാർച്ച് 18ന് ആണ് അമൃത്പാൽ ഒളിവിൽ പോയത്.
പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ ആയിരുന്നില്ല. ഇയാൾ വിദേശത്തേക്ക് കടന്നുവെന്നും സൂചനകൾ ഉണ്ടായിരുന്നു. സിഖ് വിശ്വാസികളുടെ യോഗം ചേരാൻ ഉന്നത സിഖ് സംഘടനായ അകാൽ തഖ്‌ത് മേധാവികളോട് ആവശ്യപ്പെട്ടുള്ള അമൃത്പാലിന്റെ വീഡിയോ സന്ദേശങ്ങളും പുറത്തുവന്നിരുന്നു.
Most Read: വന്ദേഭാരത് എക്‌സ്‌പ്രസിന്റെ ടൈം ഷെഡ്യൂൾ റെഡി; വിവരങ്ങൾ അറിയാം