ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ നടത്തിയ സർക്കാർ ക്യാമ്പിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്നെന്ന് റിപ്പോർട്. കുട്ടികളും ഗർഭിണിയും ഉൾപ്പടെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഫിറോസാബാദിൽ പിഞ്ചുകുഞ്ഞിന് കാലാവധി കഴിഞ്ഞ ഗ്‌ളൂക്കോസ് നൽകിയതായും വാർത്ത പുറത്തുവന്നിരുന്നു. അജ്‌ഞാത രോഗം പടർന്ന് പിടിച്ച് നിരവധിയാളുകൾ മരിച്ചുവീണ സ്ഥലമാണ് ഫിറോസാബാദ്.
സംഭവത്തിൽ ഫിറോസാബാദ് ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ഡെങ്കിപനി ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന രോഗികൾക്കാണ് അംരി ഗ്രാമത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. കടുത്ത പനിയുള്ള 150 കുട്ടികൾ അടക്കം 200 പേർക്കാണ് ക്യാമ്പിൽ വെച്ച് മരുന്ന് നൽകിയത്. മരുന്ന് കഴിച്ചതിന് പിന്നാലെ മൂന്ന് കുട്ടികൾക്ക് ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് മരുന്നുകളുടെ കാലാവധി കഴിഞ്ഞതായി കണ്ടത്തിയത്.
തുടർന്ന് വയറുവേദന അനുഭവപ്പെട്ട ഗർഭിണിയേയും ആശുപത്രിയിലേക്ക് മാറ്റി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഷിക്കോഹാബാദ് എസ്‌ഡിഎം ദേവേന്ദ്ര പാൽ സിംഗ് പറഞ്ഞു. വിവാദത്തെ തുടർന്ന് ഗ്രാമീണർക്ക് മരുന്നുകൾ മാറ്റിനൽകി.
Read also: വിജയ് രൂപാണിയുടെ രാജി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണക്കുകൂട്ടൽ; മേവാനി