ന്യൂഡെൽഹി: ഗുജറാത്ത് മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നുള്ള വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയിൽ പ്രതികരിച്ച് ജിഗ്‌നേഷ് മേവാനി എംഎൽഎ. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കണക്കുകൂട്ടലിലാണ് രൂപാണി രാജിവച്ചതെന്ന് മേവാനി ആരോപിച്ചു.
ട്വിറ്ററിലൂടെയായിരുന്നു ജിഗ്‌നേഷ് മേവാനിയുടെ പ്രതികരണം. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ തന്നെ വിജയ് രൂപാണി രാജിവച്ചിരുന്നെങ്കില്‍ ഗുജറാത്തിലെ ജനങ്ങള്‍ ആ തീരുമാനത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുമായിരുന്നെന്ന് ജിഗ്‌നേഷ് മേവാനി ട്വീറ്റ് ചെയ്‌തു.
“2022ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മനസിൽ കണ്ട് ചില കണക്കുകൂട്ടലിന്റെ ഭാഗമായാണ് ഇപ്പോൾ രാജിവച്ചിരിക്കുന്നത്,”- മേവാനി ട്വീറ്റിൽ പറഞ്ഞു.
അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിജെപി സർക്കാരിന്റെ അമരത്ത് നിന്ന് തീർത്തും അപ്രതീക്ഷിതമായി വിജയ് രൂപാണി രാജി വെക്കുന്നത്. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പിന്നീട് ഗവർണറെ കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു.
2016 ഓഗസ്‌റ്റ് മുതല്‍ മുഖ്യമന്ത്രി സ്‌ഥാനത്തുള്ള നേതാവാണ് അദ്ദേഹം. രാജിക്ക് പിന്നിലുള്ള കാരണം വ്യക്‌തമാക്കിയിട്ടില്ല. ആനന്ദി ബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിൽ എത്തിയത്.
മുഖ്യമന്ത്രിയാകുന്നതിന് മുൻപ് ആനന്ദിബെൻ പട്ടേൽ മന്ത്രിസഭയിൽ അംഗമായിരുന്നു. ബിജെപി സംസ്‌ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. രാജ്കോട്ട് വെസ്‌റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് രൂപാണി 2017ൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
“ഗുജറാത്തിന്റെ വികസന യാത്ര ഒരു പുതിയ നേതൃത്വത്തിന് കീഴിൽ, പുതിയ ആവേശത്തിലും പുതിയ ഊർജത്തിലും മുന്നോട്ട് പോകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് മനസിൽ വച്ചുകൊണ്ട് ഞാൻ ഗുജറാത്ത് മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചു. “എന്നെപ്പോലുള്ള ഒരു പാർടി പ്രവർത്തകന് ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്‌ഠിക്കാൻ സുപ്രധാന അവസരം നൽകിയതിൽ നന്ദിയുണ്ട്,”- എന്നായിരുന്നു രാജിക്ക് ശേഷമുള്ള രൂപാണിയുടെ പ്രതികരണം.
Most Read: നർക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസിയും