കൊൽക്കത്ത: ബംഗാളിൽ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ പിജി ഡോക്‌ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കൂട്ടബലാൽസംഗത്തിന് തെളിവില്ലെന്ന് സിബിഐ. ഓഗസ്‌റ്റ് ഒമ്പതിന് പുലർച്ചെ നാലുമണിക്ക് നടന്ന ബലാൽസംഗത്തിൽ പ്രതി സഞ്‌ജയ് റോയ് മാത്രമാണെന്ന നിഗമനത്തിലാണ് സിബിഐ.
തങ്ങളുടെ മകൾ കൂട്ടബലാൽസംഗത്തിന് ഇരയായെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് കൽക്കട്ട ഹൈക്കോടതിയിൽ മാതാപിതാക്കൾ സമർപ്പിച്ച ഹരജിയിലും തങ്ങളുടെ മകൾ കൂട്ടബലാൽസംഗത്തിന് വിധേയയായിട്ടുണ്ടെന്ന് തന്നെയാണ് ഇവർ വാദിക്കുന്നത്.
എന്നാൽ, പ്രതി സഞ്‌ജയ് റോയിയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് വിചാരണാ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ കൂട്ടബലാൽസംഗം എന്നതിനെ കുറിച്ച് സിബിഐ പരാമർശിച്ചിട്ടില്ല. അതിനിടെ, പ്രതിയെ സെപ്‌തംബർ ആറുവരെ വിചാരണ കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡ് ചെയ്‌തു.
ഇയാളെ പ്രസിഡൻസി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഇവിടെ ഏകാന്ത തടവിൽ കഴിയുന്ന സഞ്‌ജയ് റോയിയെ, 24 മണിക്കൂറും സിസിടിവിയിലൂടെ നിരീക്ഷിക്കുമെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട വനിതാ ഡോക്‌ടറുടെ സഹപ്രവർത്തകരിൽ ചിലരുടെ മൊഴികൾ പരസ്‌പര വിരുദ്ധമായതിനാൽ അവരെ നുണപരിശോധനക്ക് വിധേയരാക്കുമെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു.
ഇവരിൽ രണ്ടുപേർ ഒന്നാംവർഷ ബിരുദാനന്തര ട്രെയിനികളും ഒരു ഹൗസ് സർജനും ഒരു ഇന്റേണും ഉൾപ്പെടുന്നുണ്ട്. തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നീ കാര്യങ്ങളിൽ ഇവർ ഭാഗമാണോയെന്ന് പരിശോധിക്കണമെന്ന് സിബിഐ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, സംശയമുനയിലുള്ള നാല് ഡോക്‌ടർമാർ എന്നിവരുടെ നുണപരിശോധന നടത്താൻ സിബിഐക്ക് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു.
Most Read| കൈപ്പത്തി വെട്ടിയ കേസ്; മുഖ്യപ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ അറസ്‌റ്റിൽ