ഭോപ്പാല്‍: കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ എഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും ഒക്ടോബര്‍ 23 ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഗ്വാളിയോര്‍ ജില്ലാ മജിസ്ട്രേറ്റിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ പ്രദേശത്ത് പൊതുയോഗങ്ങള്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്ഥാനാര്‍ത്ഥികള്‍ക്കോ അനുമതി നല്‍കരുതെന്ന് ഗ്വാളിയോറിലെ 9 ജില്ലാ മജിസ്ട്രേറ്റുകളോട് കോടതി നിര്‍ദ്ദേശിച്ചു. മറ്റു മാര്‍ഗങ്ങള്‍ സാധ്യമല്ല എന്ന് കോടതിയെ ബോധിപ്പിക്കുന്ന സാഹചര്യത്തില്‍ മാത്രമേ പൊതുയോഗങ്ങള്‍ നടത്താന്‍ അനുമതി നല്കാന് സാധിക്കൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കൃത്യമായ അന്വേഷണത്തിന് ശേഷം ഇത്തരം അടിയന്തിര സാഹചര്യത്തില്‍ പൊതുയോഗം നടത്താം. നടത്തിപ്പുകാര്‍ നിശ്ചിത തുക മജിസ്ട്രേറ്റിനെ എല്പ്പിക്കണമെന്നും യോഗം നടക്കുന്ന സ്ഥലത്തെത്തുന്ന ജനങ്ങള്‍ക്ക് ആവശ്യമായ മാസ്കും സാനിറ്റൈസറുകളും ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സ്ഥാനാര്‍ത്ഥികള്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Read also: ടി ആര് പി തട്ടിപ്പ്; കൂടുതല്‍ ചാനലുകള്‍ പട്ടികയിലെന്ന് പോലീസ്