കോഴിക്കോട്: നഗരത്തിൽ മയക്കുമരുന്ന് വേട്ടയിൽ യുവാവ് പിടിയിൽ. കല്ലായ് എണ്ണപ്പാടം സ്വദേശിയായ അബു ഷഹലാണ് കോഴിക്കോട് ടൗൺ പോലീസിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 6.7 ഗ്രാം എംഡിഎംഎയും ഒരു പൊതി കഞ്ചാവും കണ്ടെടുത്തു.
കോഴിക്കോട് ടൗൺ സ്‌റ്റേഷൻ പരിധിയിൽ ഗുജറാത്ത് സ്ട്രീറ്റിൽ വെച്ചാണ് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായത്. 15 പാക്കറ്റുകളിലാക്കി വിൽപ്പനക്ക് കൊണ്ടുവന്നതാണ് എംഡിഎംഎ. ഇതിന് വിപണിയിൽ ഏകദേശം 30,000 രൂപ വിലവരും. മുമ്പും യുവാവിനെതിരെ മയക്കുമരുന്ന് ഉപയോഗത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
അടുത്ത കാലങ്ങളിലായി നഗരത്തിൽ യുവാക്കൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസ് നിരീക്ഷണം ശക്‌തമാക്കിയിരുന്നു. ടൗൺ പോലീസ് സ്‌റ്റേഷൻ സബ് ഇൻസ്‌പെക്‌ടർമാരായ അനൂപ് എപി, പ്രസാദ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Most Read: കെഎസ്ആർടിസി; എണ്ണ കമ്പനികളുടെ അപ്പീൽ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും