അതിരപ്പിള്ളിയില്‍ വന്‍മരങ്ങള്‍ മുറിച്ചും സ്ഫോടനം നടത്തിയും വൈദ്യുതി പദ്ധതി നടപ്പാക്കാന്‍ കെ.എസ്.ഇ.ബി.

By News Desk, Malabar News
MalabarNews_ATHIRAPALLY-FALLS
Athirapilly Water Falls
Ajwa Travels

അതിരപ്പിള്ളി: ആനക്കയത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ ടണല്‍ നിര്‍മ്മിക്കാനൊരുങ്ങി കെ.എസ്.ഇ.ബി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കെ.എസ്.ഇ.ബി കരാര്‍ നല്‍കി.

ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായാണ് വന മേഖലയില്‍ വന്‍മരങ്ങള്‍ മുറിച്ച് നീക്കുന്നതും ടണല്‍ നിര്‍മ്മിക്കുന്നതും. പറമ്പിക്കുളം കടുവ സങ്കേതത്തിനടുത്ത് സംരക്ഷിത മേഖലയോട് (ബഫര്‍ സോണ്‍) ചേര്‍ന്നുള്ള പ്രദേശത്തെ വനമേഖലയിലാണ് ഇതിനായി മരങ്ങള്‍ മുറിക്കുന്നത്. അതിരപ്പിള്ളിക്കും ഷോളയാറിനും ഇടയിലുള്ള ആനക്കയം പ്രദേശത്തെ 20 ഏക്കറിലാണ് ചെറുകിട വൈദ്യുതി പദ്ധതി ആരംഭിക്കുക. ഷോളയാര്‍ പവര്‍ഹൗസില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ചതിന് ശേഷമുള്ള വെള്ളം ടണലിലൂടെ വഴിതിരിച്ച് വിട്ട് ആനക്കയത്തെത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി.

കടുവാ സങ്കേതത്തിന്റെ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന അഞ്ചു കിലോമീറ്ററില്‍ ഭൂര്‍ഭ ടണല്‍ നിര്‍മ്മിച്ചാണ് 7.5 മെഗാവാട്ട് ശേഷിയുള്ള പവര്‍ഹൗസ് സ്ഥാപിക്കുക. നിര്‍മ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇപ്പോള്‍ മരംമുറിക്കാന്‍ കരാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായ ചിത്ര എന്റര്‍പ്രൈസസിനാണ് കെ.എസ്.ഇ.ബി 45.94 ലക്ഷം രൂപക്ക് കരാര്‍ നല്‍കിയിരിക്കുന്നത്. ഷോളയാര്‍ മുതല്‍ ആനക്കയം വരെ നീളുന്ന ഭൂഗര്‍ഭ ടണല്‍ നിര്‍മ്മിക്കാനായി ഡ്രില്ലിങ് നടത്താനായിരുന്നു ആദ്യ ആലോചന. എന്നാല്‍ പദ്ധതി ചെലവ് ഏറുമെന്നതിനാല്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പാറക്കെട്ടുകള്‍ പൊട്ടിച്ച് ടണല്‍ നിര്‍മ്മിക്കാനാണ് പിന്നീട് തീരുമാനിച്ചത്.

30 വര്‍ഷം മുമ്പ് ആലോചനയില്‍ ഉണ്ടായിരുന്ന വൈദ്യുതോത്പാദന പദ്ധതിയാണ് ആനക്കയത്ത് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. അണക്കെട്ട് നിര്‍മ്മിക്കാതെ വൈദ്യുതി ഉത്പാദിപ്പിക്കാനാവും എന്ന നേട്ടമാണ് കെ.എസ്.ഇ.ബി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സംരക്ഷിത വനമേഖലയോട് ചേര്‍ന്ന പാരിസ്ഥിതിക ദുര്‍ബല മേഖലയില്‍ വനം ഇല്ലാതാക്കിയും പാറ തുരന്നും ഉള്ള പദ്ധതിയോട് പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി ശാസ്ത്രജ്ഞരും അടക്കമുള്ളവര്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉരുപൊട്ടല്‍ സാധ്യത ഏറെയുള്ള ദുര്‍ബല പ്രദേശമാണ് ആനക്കയം. നിരവധി ചെറുതും വലുതുമായ മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും ആനക്കയം പ്രദേശത്തുണ്ടാകാറുണ്ട്. 2018ല്‍ വലിയ തോതില്‍ ഇവിടെ ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഉരുള്‍പൊട്ടല്‍ ബാധിച്ച ആനക്കയം ആദിവാസി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ ഇനിയും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പദ്ധതി നടപ്പിലാക്കുവാന്‍ പോകുന്ന സംരക്ഷിത മേഖലക്കടുത്താണ് പറമ്പിക്കുളം കടുവാ സങ്കേതം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ അമ്പത് കടുവാ സങ്കേതങ്ങളില്‍ ആദ്യ പത്തില്‍ വരുന്നതാണ് പറമ്പിക്കുളം. ജലവൈദ്യുതി പദ്ധതി നടപ്പിലാകുന്നത് ഈ പ്രദേശങ്ങളെയൊക്കെ വന്‍ തോതില്‍ ബാധിക്കും എന്നതാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പിന് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE