കുവൈറ്റ് സിറ്റി: നൂറോളം പ്രവാസികളോട് രാജ്യത്ത് നിന്ന് മടങ്ങാന്‍ കുവൈറ്റ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്. താമസ അനുമതി പുതുക്കി നല്‍കില്ലെന്നും ഇപ്പോഴത്തെ താമസ രേഖയുടെ കാലാവധി കഴിയുന്ന മുറയ്‌ക്ക് രാജ്യം വിട്ട് പോകണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട് ചെയ്‌തു.
ദേശീയ സുരക്ഷാ അതോരിറ്റിയുടേതാണ് തീരുമാനം. നൂറോളം പേരെയാണ് കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. ഇവരുടെ വിസ പുതുക്കി നല്‍കേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. കരിമ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഭൂരിപക്ഷം പേരും ലെബനാന്‍ സ്വദേശികളാണ്.
ലെബനാന്‍ സ്വദേശികളില്‍ ചിലരോ അല്ലെങ്കില്‍ അവരുടെ അടുത്ത ബന്ധുക്കളോ ഭീകര സംഘടനയായ ഹിസ്‍ബുല്ലയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസ് റിപ്പോര്‍ട് ചെയ്‌തിട്ടുണ്ട്.
പട്ടികയില്‍ ഉള്‍പ്പെട്ട ചിലര്‍ കള്ളപ്പണ ഇടപാടുകളില്‍ ശിക്ഷിക്കപ്പെട്ടവരാണ്. മറ്റു ചിലര്‍ അതീവ പ്രാധാന്യമുള്ള സുരക്ഷാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹിസ്‍ബുല്ലയുമായി ബന്ധമുള്ള ലെബനാന്‍ സ്വദേശികള്‍ക്കെതിരായ നടപടികള്‍ കുവൈറ്റ് ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് സൂചന.
അതേസമയം പാകിസ്‌ഥാന്‍, അഫ്‍ഗാനിസ്‌ഥാന്‍, ഈജിപ്റ്റ്, ഇറാന്‍, യെമന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും കരിമ്പട്ടികയിലുണ്ട്.
Most Read: എംപിക്കെതിരെ അപവാദ പ്രചാരണം; ‘മറുനാടൻ മലയാളി’ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസ്