കണ്ണൂർ: സിപിഎം സെമിനാറിൽ കെവി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സെമിനാറിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല. അസൗകര്യമുണ്ടെന്ന് ശശി തരൂർ എംപിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു. സിപിഎം സെമിനാറിൽ പങ്കെടുക്കാൻ സോണിയ ഗാന്ധിയോട് അനുമതി തേടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ അനുകൂല നിലപാട് സ്വീകരിക്കാൻ ഹൈക്കമാൻഡ് തയ്യറായിരുന്നില്ല. സംസ്‌ഥാന നേതൃത്വവും സമാന നിലപാടാണ് സ്വീകരിച്ചത്. കെ-റെയിൽ അടക്കമുള്ള വിഷയങ്ങളിൽ പോര് നിലനിൽക്കുന്നതിനാൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നാണ് കെപിസിസി വിലയിരുത്തൽ. ശശി തരൂരിനെയും കെവി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഎം ക്ഷണിച്ചിരുന്നത്.
സിപിഎം സെമിനാറിൽ നേതാക്കൾ പങ്കെടുത്താൽ നടപടിയെടുക്കുമെന്നാണ് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നേരത്തെ പറഞ്ഞത്. തീരുമാനം ജനങ്ങളുടെ വികാരം മാനിച്ചാണ്. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ സെമിനാറിൽ പങ്കെടുക്കട്ടെ, സിപിഎം ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. നേതാക്കൾ പങ്കെടുത്താൽ ജനത്തിന് വെറുപ്പായിരിക്കും. ഈ വികാരം മനസിലാക്കിയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും കെ സുധാകരൻ വ്യക്‌തമാക്കിയിരുന്നു.
Read Also: കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്‌തു