ഷട്ടർ ഉയർത്തുന്നത് കാണാൻ ഡാമിന്റെ പരിസരങ്ങളിൽ വന്‍ ആള്‍ക്കൂട്ടം

By Desk Reporter, Malabar News
Large-crowd-around-the-dam

ഇടുക്കി: വരും ദിവസങ്ങളിലും അതിശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് സംസ്‌ഥാനത്തെ ഡാമുകളുടെ ഷട്ടർ തുറക്കാൻ സർക്കാർ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇടുക്കി ഡാം ഉൾപ്പടെ പല ഡാമുകളുടെയും ഷട്ടർ ഇന്ന് തുറക്കുന്നുണ്ട്.

ഡാമുകളുടെ പരിസര പ്രദേശങ്ങളിൽ സർക്കാർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചും ആളുകളെ മാറ്റി പാർപ്പിച്ചും മുൻകരുതൽ എടുക്കുമ്പോഴും ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുകുന്നത് കാണാന്‍ പലയിടങ്ങളിലായി ആളുകള്‍ തടിച്ചുകൂടി. ഡാമില്‍ നിന്നുള്ള ജലം ഒഴുകുന്ന ചെറുതോണി പരിസര പ്രദേശങ്ങളില്‍ ഉൾപ്പടെയാണ് പ്രദേശവാസികള്‍ ഇരച്ചെത്തിയത്.

ഈ വഴി കടന്നുപോകുന്ന വാഹനങ്ങളിലെ യാത്രക്കാര്‍ ജലമൊഴുക്ക് കാണാന്‍ വാഹനം നിര്‍ത്തി നില്‍ക്കുന്നതും കാണാം. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശം നിലനില്‍ക്കെയാണ് ഇത്തരം കാഴ്‌ചകൾ. വെള്ളം തുറന്നുവിടാന്‍ തീരുമാനിച്ച ഡാമുകള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്.

ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യം കണക്കിലെടുത്ത് ലോവര്‍ പെരിയാറില്‍ മീന്‍പിടിത്തം നിരോധിച്ചിട്ടുണ്ട്. സെല്‍ഫി എടുക്കുന്നതിന് അടക്കം വിലക്കുണ്ട്. എന്നാല്‍ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും മുകളിലും വെള്ളം ഒഴുകിയെത്തുന്ന സ്‌പിൽവേയുടെ തീരത്തും ഉൾപ്പടെ ആളുകൾ തിങ്ങിനിറയുകയാണ്. ഇവരെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹം തന്നെ വേണ്ടി വന്നു. ഒരു സെക്കന്റില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തുവിടുന്ന തരത്തിലാണ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്.രാവിലെ 10.50ന് മുന്നറിയിപ്പ് സൈറണ്‍ നല്‍കിയ ശേഷം കൃത്യം 11 മണിക്ക് തന്നെ ആദ്യ ഷട്ടര്‍ തുറന്നു. ജലസേചന മന്ത്രി റോഷി അഗസ്‌റ്റിൻ, വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി, ജില്ലാ കളക്‌ടർ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്‌സിക്യൂട്ടീവ് ആര്‍ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഷട്ടർ ഉയർത്തിയത്.

ആദ്യ ഷട്ടര്‍ തുറന്ന ശേഷം ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റിന് ശേഷം നാലാമത്തെ ഷട്ടറും ഉയര്‍ത്തുന്ന നിലയിലായിരുന്നു ക്രമീകരണം. 35 സെമീ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുക.

ഇടുക്കിയിലെ ചെറുതോണി ഡാം തുറക്കുമ്പോള്‍ ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് വെള്ളം ഒഴുകുക. ചെറുതോണി ടൗണ്‍ പാതയിലെ ആദ്യ ജനവാസ കേന്ദ്രം പിന്നീട്, പെരിയാര്‍, ലോവര്‍ പെരിയാര്‍ അണക്കെട്ട്, ഭൂതത്താന്‍ കെട്ട്, കാലടി, നെടുമ്പാശ്ശേരി, ആലുവ വഴി അറബിക്കടലില്‍ പതിക്കും.

Most Read:  ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE