കോട്ടയം: വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്‌മ രാജ്യത്ത് അധികാരത്തിൽ വരുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. ഇടതുപക്ഷത്തിന്റെ കേരള മോഡല്‍ എന്ന ആശയത്തിന് രാജ്യത്താകമാനം വലിയ പിന്തുണ ലഭിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു.
സിപിഐഎം കോട്ടയം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
‘കേന്ദ്രം ഭരിക്കുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന് കേരളത്തില്‍ ഒരു സാധ്യതയുമില്ല. കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഹീനമായ എല്ലാ നീക്കങ്ങളെയും ആത്‌മവിശ്വാസത്തോടെ നേരിട്ടു കൊണ്ടാണ് ഇടതു മുന്നണി രണ്ടാമതും അധികാരത്തിലെത്തിയത്. നാല് പതിറ്റാണ്ടിന് ശേഷം കേരളത്തില്‍ തുടര്‍ ഭരണം കിട്ടിയെങ്കില്‍ ഇടത് പാര്‍ട്ടികള്‍ ഇന്ത്യ ഭരിക്കുമെന്ന് പറയുന്നതിലും തെറ്റില്ല”- ജോസ് കെ. മാണി പറഞ്ഞു.
അതേസമയം, സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന സിപിഐഎം പിബി വിലയിരുത്ത ഭാഗമായി ദേശീയ നേതാക്കള്‍ രണ്ട് ദിവസം മുമ്പ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, എംഎ ബേബി, കോടിയേരി ബാലകൃഷ്‌ണന്‍, മണിക് സര്‍ക്കാര്‍ തുടങ്ങിയ നേതാക്കളാണ് കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തത്.
പ്രാദേശിക പാര്‍ട്ടികളുടെ സഖ്യസാധ്യത ചന്ദ്രശേഖര്‍ റാവു അവതരിപ്പിച്ചെന്നും സിപിഐഎം നേതാക്കള്‍ ഇതിനെ അനുകൂലിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസുമായി സംഖ്യം വേണ്ടെന്നും നേതൃത്വം സ്വീകരിച്ചിരുന്നു.
Read also: ഉത്തരാഖണ്ഡിൽ 30 ബിഎസ്എഫ് ജവാൻമാർക്ക് കോവിഡ്