ന്യൂഡെൽഹി: തന്റെ ഉപദേഷ്‌ടാക്കളെച്ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിന്റെ അന്ത്യശാസനം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. തീരുമാനമെടുക്കുന്നതിൽ തനിക്ക് സ്വാതന്ത്ര്യം നൽകണമെന്ന് സിദ്ദു ആവശ്യപ്പെട്ടു.
“തീരുമാനങ്ങൾ എടുക്കാൻ എന്നെ അനുവദിക്കണമെന്ന് ഞാൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, വരും വർഷങ്ങളിൽ കോൺഗ്രസ് സംസ്‌ഥാനത്ത് അഭിവൃദ്ധി പ്രാപിക്കുമെന്ന് ഞാൻ ഉറപ്പുവരുത്തും. ഒരാളെ പോലും ഞാൻ നഷ്‌ടപ്പെടുത്തില്ല,”- സിദ്ദു പറഞ്ഞു.
തന്റെ ഉപദേശകരെ നിലയ്‌ക്കുനിര്‍ത്താൻ സിദ്ദു തയ്യാറാവണമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. അടുത്തിടെ സിദ്ദുവിന്റെ ടീമിലേക്ക് എത്തിയ മല്‍വീന്ദര്‍ സിംഗ് മാലി, പ്യാരെ ലാല്‍ ഗാര്‍ഗ് എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പ്രസ്‌താവനകൾ വിവാദമായതോടെ ആയിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ.
കശ്‌മീര്‍ കശ്‌മീരികളുടേതാണെന്നും വേറെ രാജ്യമാണെന്നും ആയിരുന്നു മാലിയുടെ പ്രസ്‌താവന. പാകിസ്‌ഥാനെതിരായ പ്രസ്‌താവനകളില്‍ നിന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വിട്ടുനില്‍ക്കണമെന്നാണ് പ്യാരെ ലാല്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഹരീഷ് റാവത്ത് രംഗത്തെത്തിയത്. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന വസ്‌തുത കോണ്‍ഗ്രസ് നേരത്തെ വ്യക്‌തമാക്കിയിട്ടുള്ള കാര്യമാണെന്ന് ഹരീഷ് റാവത്ത് പറഞ്ഞു.
നേരത്തെ അമരീന്ദര്‍ സിംഗും സിദ്ദുവിന് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെ സിദ്ദു ഉപദേശകരെ വിളിച്ചു വരുത്തി വിവാദ വിഷയങ്ങളില്‍ ഇടപെടരുതെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
Most Read: കിറ്റെക്‌സില്‍ വീണ്ടും പരിശോധന; കമ്പനി പൂട്ടിക്കാനുള്ള ശ്രമമെന്ന് സാബു എം ജേക്കബ്