സംസ്‌ഥാനത്ത് ജീവിതശൈലി രോഗ രജിസ്‌ട്രി തയ്യാറാക്കും; ആരോഗ്യമന്ത്രി

By News Bureau, Malabar News
covid in kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജീവിതശൈലി രോഗ രജിസ്‌ട്രി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശാ പ്രവര്‍ത്തകരുടെ സഹകരണത്തോടുകൂടി ഓരോ വീടും സന്ദര്‍ശിച്ച് 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചും അവയിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളെ കുറിച്ചും ഒരു ഡേറ്റ ശേഖരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഡേറ്റ സമാഹരണത്തിനുള്ള ഒരു മൊബൈല്‍ ആപ്ളിക്കേഷന്‍ ഇ- ഹെല്‍ത്തിന്റെ സഹായത്തോടുകൂടി വികസിപ്പിച്ച് വരികയാണ്. ഇങ്ങനെ ഓരോ വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഡേറ്റ പഞ്ചായത്ത് തലത്തിലും, ജില്ലാ തലത്തിലും, സംസ്‌ഥാന തലത്തിലും ക്രോഡീകരിച്ച് കേരളത്തിന്റേതായ ഒരു ജീവിതശൈലി രോഗ രജിസ്‌ട്രി തയ്യാറാക്കുന്നതാണെന്നും മന്ത്രി വ്യക്‌തമാക്കി.

പ്രമേഹം ഉള്‍പ്പടെയുള്ള ജീവിതശൈലി രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും ഈ രോഗങ്ങളെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാക്കുന്നതിനും രോഗം കണ്ടെത്തിയവര്‍ക്ക് വിദഗ്‌ധ ചികിൽസ നല്‍കുന്നതിന് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ഒരു സമഗ്രമായ ജീവിതശൈലി രോഗ ക്യാംപയിന്റെ ഭാഗമായാണ് ഈ സര്‍വേ നടത്തുന്നത്.

പ്രമേഹം, രക്‌താതിമര്‍ദ്ദം, സിഒപിഡി തുടങ്ങിയ രോഗങ്ങളും ഓറല്‍ ക്യാന്‍സര്‍, സ്‌തനാര്‍ബുദം, സര്‍വൈക്കല്‍ കാന്‍സര്‍ തുടങ്ങിയ കാന്‍സറുകളുടേയും നിര്‍ണയമാണ് ഈ ക്യാംപയിനിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിലെ എല്ലാ ജനങ്ങളുടെയും ജീവിതശൈലി രോഗങ്ങളെ കുറിച്ചുള്ള ഒരു സമഗ്ര സര്‍വേ ആയിരിക്കുമിത്.

ഈ സര്‍വേയിലൂടെ കണ്ടെത്തുന്ന എല്ലാ രോഗികള്‍ക്കും മതിയായ ചികിൽസ ഉറപ്പുവരുത്തുന്നതിനും ഇതുവരെ രോഗനിര്‍ണയം നടത്തിയിട്ടില്ലാത്ത ജനങ്ങള്‍ക്കായി പ്രത്യേക ക്യാംപുകള്‍ സജ്‌ജീകരിക്കുന്നതിനും അതിലൂടെ പുതിയ രോഗികളെ നേരത്തെ കണ്ടെത്തുന്നതിനും ഈ ക്യാംപയിന്‍ കൊണ്ട് ഉദ്ദേശിക്കുന്നു.

ജീവിതശൈലി രോഗങ്ങളിലേക്ക് നയിക്കുന്ന അപകട സൂചകങ്ങളായ അനാരോഗ്യകരമായ ഭക്ഷണരീതി, വ്യായാമമില്ലായ്‌മ, പുകവലി, മദ്യം, ലഹരി തുടങ്ങിയവയോടുള്ള ആസക്‌തി, മാനസിക പിരിമുറുക്കം ഇവയെ കുറിച്ചുള്ള അവബോധം ജനങ്ങളില്‍ സൃഷ്‌ടിക്കുന്നതിനും അവരില്‍ ഒരു പുതിയ ജീവിതചര്യ സൃഷ്‌ടിക്കുന്നതിനും ഈ ക്യാംപയിന്‍ ലക്ഷ്യമിടുന്നു.

ഈ ക്യാംപയിന്റെ ഭാഗമായി ജീവനക്കാര്‍ക്കുള്ള പരിശീലന പരിപാടി നവംബര്‍ 16ന് മന്ത്രി വീണാ ജോര്‍ജ് ഉൽഘാടനം ചെയ്യും.

Most Read: പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചാൽ പദ്‌മ പുരസ്‌കാരം തിരിച്ചു നൽകാം; കങ്കണ 

‘പ്രമേഹ പരിരക്ഷക്കുള്ള പ്രാപ്യത ഇപ്പോഴല്ലെങ്കില്‍ എപ്പോള്‍’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേഹ ദിന സന്ദേശം. പ്രമേഹം കണ്ടെത്തുന്നതിനും കണ്ടെത്തി കഴിഞ്ഞാല്‍ ചികിൽസിക്കുന്നതിനും ജനങ്ങള്‍ക്ക് ഇന്‍സുലിന്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആരോഗ്യരംഗം സജ്‌ജമാക്കുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.

കേരളത്തില്‍ ഇതിന് മുമ്പ് നടന്ന പഠനങ്ങളില്‍ പ്രമേഹ രോഗം വര്‍ധിച്ചു വരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഐസിഎംആറും ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ കേരളത്തിലെ 35 ശതമാനത്തോളം പേര്‍ക്ക് പ്രമേഹം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ സ്‌ഥിതിവിശേഷത്തെ ഫലപ്രദമായി നേരിടുന്നതിനും ചികിൽസിക്കുന്നതിനും സംസ്‌ഥാന ആരോഗ്യവകുപ്പ് ‘അമൃതം ആരോഗ്യം, നയനാമൃതം, പാദസ്‌പര്‍ശം’ തുടങ്ങിയ നിരവധി പദ്ധികളാണ് നടപ്പിലാക്കി വരുന്നത്.

‘അമൃതം ആരോഗ്യം’ പദ്ധതിയിലൂടെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള എല്ലാ ആശുപത്രികളിലും ജീവിതശൈലി രോഗനിര്‍ണയ ക്ളിനിക്കുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ ജനങ്ങളെയും ജീവിതശൈലി രോഗങ്ങള്‍ക്കായി സ്‌ക്രീനിങ് നടത്തുക, രോഗം കണ്ടെത്തുന്നവര്‍ക്ക് ചികിൽസ നല്‍കുക, ഇന്‍സുലിന്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

ഈ പദ്ധതിയിലൂടെ ഏകദേശം 1.27 കോടിയോളം ജനങ്ങളെ സ്‌ക്രീനിങ് നടത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇതിൽ ഒമ്പത് ലക്ഷത്തോളം പ്രമേഹ രോഗികളെ കണ്ടെത്തിയെന്നും ഈ രോഗികള്‍ക്കെല്ലാം മതിയായ ചികിൽസ നല്‍കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read: ശബരിമല മെസ്, അന്നദാന നടത്തിപ്പില്‍ ക്രമക്കേടെന്ന് കണ്ടെത്തൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE