കോഴിക്കോട്: ജില്ലയിൽ നടന്ന കോൺഗ്രസ് എ ഗ്രൂപ്പിന്റെ യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനം. വനിതാ മാദ്ധ്യമ പ്രവർത്തകയെ അസഭ്യം പറയുകയും ചെയ്‌തു. കൈരളി ന്യൂസ്, മാതൃഭൂമി, ഏഷ്യാനെറ്റ് സ്‌ഥാപനങ്ങളിൽ ഉള്ളവരെയാണ് കോണ്‍ഗ്രസ് സംഘം മര്‍ദ്ദിച്ചത്.
മാതൃഭൂമി ദിനപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ സാജന്‍ പി നമ്പ്യാരെ മുറിയില്‍ അടച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടെ യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിതമായി എത്തി മാദ്ധ്യമ പ്രവര്‍ത്തകനെ യോഗം നടന്ന ഹാളിലേക്ക് വലിച്ചുകയറ്റി മർദ്ദിക്കുക ആയിരുന്നു. കഴുത്തിന് കുത്തിപ്പിടിക്കുകയും മർദ്ദിക്കുകയും ചെയിന്‍ പൊട്ടിക്കുകയും ചെയ്‌തെന്ന് സാജന്‍ പി നമ്പ്യാര്‍ പറഞ്ഞു. സാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈരളി ന്യൂസ് മാദ്ധ്യമ പ്രവര്‍ത്തകക്ക് നേരെയാണ് കോൺഗ്രസ് നേതാവിന്റെ ഭീഷണിപ്പെടുത്തല്‍. ‘പെണ്ണാണെന്ന് നോക്കില്ല. കായികമായി തന്നെ നേരിടും. കേസ് വന്നാല്‍ നോക്കിക്കോളും’ എന്നാണ് വനിതാ മാദ്ധ്യമ പ്രവര്‍ത്തകയോട് നേതാവ് പറഞ്ഞത്. പോലീസ് സ്‌ഥലത്തെത്തി മാദ്ധ്യമ പ്രവകര്‍ത്തരുടെ മൊഴി രേഖപ്പെടുത്തി.
ഇന്ന് രാവിലെയാണ് സ്വകാര്യ ഹോട്ടലില്‍ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം നടന്നത്. കോഴിക്കോട് മുന്‍ ഡിസിസി പ്രസിഡണ്ട് യു രാജീവന്റെ നേതൃത്വത്തിലായിരുന്നു യോഗം. വിവരം അറിഞ്ഞ് സ്‌ഥലത്തെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ യോഗത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയതോടെയാണ് നേതാക്കള്‍ കയ്യേറ്റവും മര്‍ദ്ദനവും ആരംഭിച്ചത്.
എന്നാൽ, തെറ്റിധാരണയുടെ അടിസ്‌ഥാനത്തിലാണ് പ്രശ്‌നമുണ്ടായതെന്ന് മുന്‍ ഡിസിസി പ്രസിഡണ്ട് പറഞ്ഞു. ഹാളിന്റെ വാതില്‍ അടച്ചിട്ടായിരുന്നു യോഗം നടന്നത്. വാതിലിനു മുകളിലൂടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണം. പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞില്ല. തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയും ഫോട്ടോ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. തന്റെ സാന്നിധ്യത്തില്‍ മർദ്ദനം ഉണ്ടായിട്ടില്ലെന്നും മുന്‍ ഡിസിസി പ്രസിഡണ്ട് പറഞ്ഞു.
Most Read: ചെങ്കോട്ടയിലെ സംഘർഷം; അറസ്‌റ്റിലായ കർഷകർക്ക് 2 ലക്ഷം വീതം പ്രഖ്യാപിച്ച് പഞ്ചാബ്