മൊറേന: മധ്യപ്രദേശിലെ മൊറേന ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. തിങ്കളാഴ്‌ച രാത്രി മൊറേന ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലായിരുന്നു സംഭവം നടന്നത്. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 11 പേര്‍ സംഭവ ദിവസം തന്നെ മരണപ്പെടുകയും ആയിരുന്നു. നിലവില്‍ ഇരുപതോളം പേര്‍ ചികില്‍സയിലാണ്.
ജില്ലാ ആസ്‌ഥാനത്ത് നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള പഹാവലി ഗ്രാമത്തിലെ മൂന്ന് പേരും മന്‍പൂര്‍ ഗ്രാമത്തിലെ എട്ട് പേരുമാണ് തിങ്കളാഴ്‌ച മരണപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മൊറേന ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്‌ഥനടക്കം നാല് ഉദ്യോഗസ്‌ഥരെ സസ്‌പെന്‍ഡ് ചെയ്‌തു.
മരണനിരക്ക് കൂടുന്ന സാഹചര്യത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഉന്നത ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചിരുന്നു. സംഭവത്തെ കുറിച്ച് പഠിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കാന്‍ തീരുമാനമായി.
ഇതിനിടെ മദ്യ മാഫിയ ആളുകളെ കൊല്ലുന്നത് തുടരുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തി. മൂന്ന് മാസത്തിനിടെ രണ്ടാമത്തെ തവണയാണ് മധ്യപ്രദേശില്‍ വ്യാജമദ്യ ദുരന്തം ഉണ്ടായത്. ഒക്‌ടോബറില്‍ മധ്യപ്രദേശിലെ ഉജ്ജയിനില്‍ 16 പേര്‍ വ്യാജ മദ്യം കഴിച്ചു മരിച്ചിരുന്നു. കഴിഞ്ഞ മെയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.