മലപ്പുറം: ആനക്കയം സര്‍വീസ് സഹകരണ ബാങ്കിലെ ക്രമക്കേടില്‍ പണം നഷ്‌ടമായ നിക്ഷേപകര്‍ ബാങ്കിലെത്തി പ്രതിഷേധിച്ചു. 230 നിക്ഷേപകരുടെ ആറര കോടിയോളം രൂപയാണ് നഷ്‌ടമായത്. സെക്രട്ടറിയെ ഉപരോധിച്ച നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ കുത്തിയിരുന്നു.
തുക മടക്കി നല്‍കാമെന്ന് ഭരണ സമിതി അറിയിച്ചെങ്കിലും ആറ് മാസത്തിലധികമായി ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതിനെ തുടർന്നാണ് നിക്ഷേപകര്‍ പ്രതിഷേധവുമായി ബാങ്കില്‍ എത്തിയത്. നാളെത്തെ ബോര്‍ഡ് യോഗത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് പോലീസ് സാന്നിധ്യത്തില്‍ ഉറപ്പ് കിട്ടിയതോടെയാണ് നിക്ഷേപകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
യുഡിഎഫ് നിയന്ത്രണത്തിലുള്ള ആനക്കയം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച പണം പാസ്ബുക്കില്‍ തുക രേഖപ്പെടുത്തി വ്യാജ രസീത് നല്‍കി തട്ടിയെടുത്തെന്നാണ് നിക്ഷേപകരുടെ പരാതി. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബാങ്കിലെ യുഡി ക്ളാര്‍ക്ക് കെവി സന്തോഷ് കുമാറിനെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
ഇയാളുടെ ഭൂമി ബാങ്ക് ഏറ്റെടുക്കുകയും വില്‍പ്പന നടത്തി പണം തിരിച്ചു നല്‍കാമെന്നുമായിരുന്നു ബാങ്കിന്റെ വാഗ്‌ദാനം. പക്ഷേ രണ്ട് വര്‍ഷമായിട്ടും നടപടികളൊന്നും ഉണ്ടായില്ല. കഴിഞ്ഞ ജനുവരിയില്‍ പണം മടക്കി നല്‍കാമെന്ന് അറിയിച്ചു നിക്ഷേപകര്‍ക്ക് കത്ത് നല്‍കിയെങ്കിലും ആറു മാസത്തിനിപ്പുറവും ഇക്കാര്യത്തില്‍ നടപടി ഉണ്ടായില്ല.
ഭൂമി വിറ്റ് പണം നല്‍കുന്നത് ജോയിന്‍ രജിസ്ട്രാര്‍ തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ബാങ്ക് ഭരണസമിതി പറയുന്നത്. സന്തോഷ് കുമാറിന്റെ ഭൂമി വിൽപന നടത്താന്‍ അനുമതി തേടി ബാങ്ക് ഭരണ സമിതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Malabar News: തിരക്കിലമർന്ന് ജില്ലയിലെ ഓണവിപണി