മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളായ സഹോദരങ്ങളെ സ്‌കൂട്ടറിൽ നിന്ന് ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോഗ്രാം സ്വർണം കവർന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിൽ അറസ്‌റ്റിലായ 13 പ്രതികളിൽ വാഹനാപകടത്തിൽ മരിച്ച പ്രശസ്‌ത വയലിനിസ്‌റ്റ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായിരുന്ന അർജുനും ഉള്ളതായാണ് വിവരം.
പാട്ടുരായ്‌ക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുൻ (28) ആണ് പിടിയിലായത്. കവർച്ച നടത്തിയ ശേഷം ചെർപ്പുളശ്ശേരിക്കടുത്ത് അർജുനാണ് മറ്റൊരു വാഹനത്തിൽ കാത്തുനിന്ന് സ്വർണവുമായി എത്തിയ സംഘത്തിലെ നാലുപേരെ മിഥുൻ എന്നയാളുടെ വീട്ടിലെത്തിച്ചത്. പോലീസ് നടത്തിയ തെളിവെടുപ്പിൽ പിടിയിലായ സംഘാംഗങ്ങളിൽ നിന്ന് വിവിധ സ്‌ഥലങ്ങളിൽ നിന്നായി 1,723 കിലോ സ്വർണവും അവശേഷിച്ച സ്വർണം വിൽപ്പന നടത്തിയ 3,27,9500 രൂപയും പിടിച്ചെടുത്തു.
സ്വർണം ഉരുക്കി ഏഴ് കട്ടികളാക്കിയ നിലയിലായിരുന്നു. ഇതിൽ ഒരു കട്ടി വിൽപ്പന നടത്തിയിരുന്നു. റിമാൻഡിലായിരുന്ന പ്രതികളിൽ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ നിജിൽ രാജ്, പ്രഭിൻ ലാൽ എന്നിവരെ ഈ മാസം 30 വരെയും അർജുൻ, പീച്ചി ആലപ്പാറ സ്വദേശി സതീഷ്, ലിസൺ, തൃശൂർ വെള്ളാനിക്കര സ്വദേശി സലീഷ്, കിഴക്കുംപാട്ടുകാര സ്വദേശി മിഥുൻ എന്നിവരെ ഡിസംബർ നാലുവരെയും പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.
സംഭവത്തിൽ 3.2 കിലോ സ്വർണം നഷ്‌ടപ്പെട്ടതായാണ് ബന്ധപ്പെട്ട വ്യാപാരികൾ പറയുന്നത്. എന്നാൽ, കവർച്ചയ്‌ക്ക് ശേഷം ലഭിച്ച സ്വർണം പ്രതികൾ തൂക്കി നോക്കിയതായാണ് പറയുന്നതെന്നും 2.5 കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നുമാണ് സംഘത്തിന്റെ മൊഴിയെന്നും ഡിവൈഎസ്‌പി ടികെ ഷൈജു, പോലീസ് ഇൻസ്‌പെക്‌ടർ സുമേഷ് സുധാകരൻ, എസ്‌ഐ ടിഎ ഷാഹുൽ ഹമീദ് എന്നിവർ പറഞ്ഞു.
കൃത്യത്തിൽ നേരിട്ട് പങ്കാളികളായ നാല് പേരുൾപ്പടെ അഞ്ചുപേരെയും രണ്ട് വാഹനങ്ങളും ഇനി പിടികൂടാനുണ്ട്. ഇക്കഴിഞ്ഞ 21ന് രാത്രി എട്ടരയോടെ പെരിന്തൽമണ്ണയിൽ കടയടച്ച് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന കെഎം ജ്വല്ലറി ഉടമകളായ യൂസഫിനെയും സഹോദരൻ ഷാനവാസിനെയുമാണ് കാറുകൊണ്ട് ഇടിച്ചിട്ട് ആക്രമിച്ച് സ്വർണം കവർന്നത്.
2018 സെപ്‌തംബർ 25ന് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാർ ഓടിച്ചത് അർജുനായിരുന്നു. അർജുന്റെ സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധത്തിൽ ആ സമയം ആരോപണം ഉയർന്നിരുന്നു. മുൻപ് രണ്ട് കവർച്ചാ സംഘങ്ങൾക്കൊപ്പം വാഹനമോടിച്ചതിന് അർജുന്റെ പേരിൽ കേസുണ്ടെന്ന് ഡിവൈഎസ്‌പി ടികെ ഷൈജു അറിയിച്ചു. ഈ കേസുകൾ അന്വേഷിച്ച് വരികയാണ്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!