പൂക്കോട്ടുംപാടം: മയക്കു മരുന്നുമായി യുവാവിനെ പൂക്കോട്ടുംപാടം പോലീസ് അറസ്‌റ്റ് ചെയ്‌തു. അമരമ്പലം സൗത്ത് അശ്വതി വീട്ടില്‍ അജീഷ്(34)ആണ് പിടിയിലായത്. സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പെട്ട മയക്കുമരുന്നായ മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ (എംഡിഎംഎ)ആണ് ഇയാളില്‍ നിന്നും പിടികൂടിയത്.
പൂക്കോട്ടുംപാടം ഇന്‍സ്‌പെക്‌ടര്‍ ടികെ ഷൈജു, എസ്‌ഐ ഒകെ വേണു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്‌പി കെകെ അബ്‌ദുല്‍ ഷെരീഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഏഴ് ഗ്രാം എംഡിഎംഎ പിടികൂടിയത്.
മയക്കുമരുന്ന് ബെംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള ഏജന്റുമാര്‍ മുഖേന ജില്ലയിലേക്ക് എത്തിച്ചതാണെന്നും ഗ്രാമിന് 5,000 മുതല്‍ 10,000 രൂപ വില പറഞ്ഞുറപ്പിച്ച് വില്‍പനക്കായി കൊണ്ടുവന്നതാണ് എന്നും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌ക്വാഡിലെ സിപി മുരളീധരന്‍, എന്‍ടി കൃഷ്‌ണകുമാര്‍, എന്‍ മനോജ് കുമാര്‍, പ്രശാന്ത് പയ്യനാട്, പൂക്കോട്ടുംപാടം സ്‌റ്റേഷനിലെ അഭിലാഷ് കൈപ്പിനി, ടി നിബിന്‍ദാസ്, ഇജി പ്രദീപ്, സൂര്യകുമാര്‍, മുജീബ് റഹ്മാന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വണ്ടൂരില്‍ ലഹരി ഉപയോഗത്തിനിടെ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് പോലീസ് മേഖലയില്‍ പരിശോധന ശക്‌തമാക്കിയത്. ജില്ലയിലെ യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യം വെച്ച് അന്തര്‍ സംസ്‌ഥാനങ്ങളില്‍നിന്ന് എംഡിഎംഎ, എല്‍എസ്‌ഡി തുടങ്ങിയവ എത്തുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു.
Malabar News: കേടുവന്ന അരി സ്‌കൂളിൽ വിതരണം ചെയ്യാൻ ശ്രമം; തടഞ്ഞ് നാട്ടുകാർ