തിരുവനന്തപുരം: രണ്ട് യുവാക്കൾക്ക് പരിക്കേറ്റ, വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ളീൻ ചിറ്റ്. അപകടം നടന്ന സമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്നാണ് ശാസ്‌ത്രീയ പരിശോധനാ റിപ്പോർട്.
ഇതോടെ, മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പോലീസ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. നിലവിൽ ഹിറ്റ് ആൻഡ് റൺ കേസ് മാത്രമാണ് രാജുവിനെതിരെയുള്ളത്. ഫെബ്രുവരി അഞ്ചിന് രാത്രി പത്തുമണിക്ക് വഴുതക്കാട് ട്രിവാൻഡ്രം ക്ളബിന് മുന്നിൽ വെച്ചാണ് മണിയൻപിള്ള രാജുവിന്റെ കാർ ബൈക്കിലിടിച്ച് അപകടം ഉണ്ടായത്.
നിവേദിത് കൃഷ്‌ണ, സൂരജ് എന്നിവർക്കായിരുന്നു അപകടത്തിൽ പരിക്കേറ്റിരുന്നത്. ബൈക്കിലിടിച്ച കാർ നിർത്താതെ പോവുകയായിരുന്നു. വോൾവോ കാറാണ് ഇടിച്ചതെന്ന് യുവാക്കൾ പോലീസിന് മൊഴി നൽകിയിരുന്നു. അപകടത്തെ തുടർന്ന് കാറിന്റെ നമ്പർ പ്‌ളേറ്റ് ഇളകി വീണിരുന്നു. ഇതിനെ അടിസ്‌ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് കാർ മണിയൻപിള്ള രാജുവിന്റേതാണെന്ന് സ്‌ഥിരീകരിച്ചത്.
എന്നാൽ, അന്ന് മണിയൻപിള്ള രാജുവിനെ അറസ്‌റ്റ് ചെയ്യാത്തതിൽ വ്യാപകമായി ആക്ഷേപം ഉയർന്നു. പിറ്റേ ദിവസം രാവിലെ മണിയൻപിള്ള രാജു നേരിട്ട് പോലീസ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തി വൈദ്യപരിശോനയ്‌ക്ക് ശേഷം രാജുവിനെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
Most Read| ഇത് അത്‌ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ






































