കോഴിക്കോട്: മാർച്ച് 25 മുതൽ ആരംഭിച്ച കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് സമർപ്പണ സമ്മേളനം പൂർത്തിയായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ മസ്‌ജിദ് വിശാസികൾക്ക് സമർപ്പിച്ചതോടെയാണ് 4 ദിവസം നീണ്ടുനിന്ന ചടങ്ങുകൾ പൂർത്തിയായത്.
മസ്‌ജിദുകൾ സമാധാന കേന്ദ്രങ്ങളാണെന്നും യഥാർഥ വിശ്വാസിക്ക് തീവ്രവാദിയോ ഭീകരവാദിയോ ആവാന്‍ സാധിക്കില്ലെന്നും ഇദ്ദേഹം സമർപ്പണ സമ്മേളന പ്രസംഗത്തിൽ പറഞ്ഞു. ഹിജാബ് നിരോധനം മുസ്‌ലിം സ്‌ത്രീയുടെ മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനുള്ള അവകാശം ഭരണഘടന വകവെച്ച് നല്‍കുന്നുണ്ടെന്നും പ്രകോപനങ്ങള്‍ സൃഷ്‌ടിച്ച് രാജ്യത്തെ സ്വസ്‌ഥ ജീവിതം തകര്‍ക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും പിൻമാറണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
നാല്‍പതിനായിരം സ്‌ക്വയര്‍ഫീറ്റില്‍ നിര്‍ദിഷ്‌ട തീരദേശ ഹൈവേയുടെ തീരത്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് കോര്‍ണിഷ് മസ്‌ജിദ് നിർമിച്ചിരിക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യയോട് കൂടെയുള്ള ടെലസ്‌കോപ് ഡോംപ് വാന നിരീക്ഷണ സൗകര്യവും കടല്‍ സൗന്ദര്യം ആസ്വദിക്കാനുള്ള സംവിധാനവും ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള മഴവെള്ള സംഭരണിയും ഇതര പള്ളികളില്‍ നിന്ന് കോര്‍ണിഷ് മസ്‌ജിദിനെ വേറിട്ട് നിര്‍ത്തുന്നു.
ചടങ്ങില്‍ സമസ്‌ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്‍ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാരംഭ പ്രാര്‍ത്ഥന നിർവഹിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനവും കാന്തപുരം ഉൽഘാടനം ചെയ്‌തു. സമസ്‌ത ഉപാധ്യക്ഷന്‍ അലി ബാഫഖി തങ്ങള്‍ പ്രാർഥനക്ക് നേതൃത്വം നല്‍കി.
കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും ഖാസിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നിർവഹിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ഇസ്‌മാഈൽ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാർ, വണ്ടൂര്‍ അബ്‌ദുറഹ്‌മാൻ ഫൈസി, കോടമ്പുഴ ബാവ മുസ്‍ലിയാർ, പൊൻമള മൊയിതീൻകുട്ടി ബാഖവി, പ്രൊഫ. എകെ അബ്‌ദുൽ ഹമീദ്, എന്‍ അലി അബ്‌ദുള്ള, മജീദ് കക്കാട്, സൈതലവി ചെങ്ങര, സട്രോംഗ് ലൈറ്റ് നാസര്‍ ഹാജി, ഈത്തപ്പഴം ബാവ ഹാജി, സാജിദ മുഹമ്മദ് അന്‍സാന്‍ ഗ്രൂപ്പ്, മുഹമ്മദ് അന്‍വര്‍ സാജിദ ഗ്രൂപ്പ് എന്നിവര്‍ ചടങ്ങിൽ പ്രസംഗിച്ചു.
ഹോസ്‌പൈസ് പാലിയേറ്റീവ്, മദ്യമുക്‌ത തീരം, ഭിന്നശേഷി സൗഹൃദ മഹല്ല്, കരിയര്‍ ക്ളിനിക്, ഖാളി ഹൗസ്, എജ്യുഗൈറ്റ്, കോര്‍ണിഷ് ഗാർഡൻ തുടങ്ങിയ പ്രൊജക്‌ടുകളും മസ്‌ജിദിനോട് അനുബന്ധമായി വിഭാവനം ചെയ്‌തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. കോര്‍ണിഷ് മസ്‌ജിദുമായി ബന്ധപ്പെട്ട മറ്റുവാർത്തകൾ ഈലിങ്കിൽ വായിക്കാം.
Most Read: കോടതി ഉത്തരവ് ജനങ്ങളോടുള്ള അവഗണന; പ്രക്ഷോഭം ശക്‌തിപ്പെടുത്തും- കെ റെയിൽ വിരുദ്ധ സമിതി