അഞ്ചാംപനി; പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത അഞ്ഞൂറോളം കുട്ടികളെ കണ്ടെത്തി

ശാസ്‌ത്രീയ വിദ്യാഭ്യാസ പിന്നോക്കാവസ്‌ഥ അനുഭവിക്കുന്ന, സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്‌തി കുറഞ്ഞ ജനസമൂഹങ്ങളെ കേന്ദ്രീകരിച്ചുള്ള വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങളുടെ അനന്തര ഫലമാണ് പലപ്പോഴും ശാസ്‌ത്രലോകം പിടിച്ചുകെട്ടിയ രോഗങ്ങൾ തിരിച്ചുവരാൻ കാരണമാകുന്നത്.

By Central Desk, Malabar News
Measles; About 500 unvaccinated children were found
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തിന്റെ നിർദ്ദേശം അനുസരിച്ച് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിൽ മലപ്പുറം ജില്ലയിലെ പള്ളിക്കൽ പഞ്ചായത്തിൽ കരിപ്പൂർ, പള്ളിക്കൽ വില്ലേജുകളിലായി മാത്രം 184 പേരുണ്ടെന്ന് ആരോഗ്യ വകുപ്പ്.

5 വയസിന് താഴെയുള്ളവരാണ് ഈ 184 പേരും. 5 വയസിന് മീതെയുള്ള കുട്ടികളിൽ കുത്തിവെപ്പ് എടുക്കാത്തവർ 300ൽ ഏറെപ്പേരുണ്ടെന്നും അധികൃതർ പറയുന്നു. ഇതിൽ 60 കുട്ടികളെ കുത്തിവെപ്പിന് വിധേയരാക്കി. ശേഷിക്കുന്ന കുട്ടികളെ കുത്തിവെപ്പ് നടത്താൻ ആരോഗ്യ വകുപ്പ് തീവ്ര ശ്രമം നടത്തുന്നുണ്ട്. ദുർബല പ്രദേശങ്ങളിലെ കുട്ടികൾക്ക് അഞ്ചാംപനി, റുബെല്ല വാക്‌സിനുകളുടെ അധിക ഡോസ് നൽകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

അഞ്ചാംപനി പ്രതിരോധ കുത്തിവെപ്പ് എടുക്കാനായി രക്ഷിതാക്കളും പൊതുജനങ്ങളും സഹകരിക്കണമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ഷാജി അറയ്‌ക്കൽ അഭ്യർഥിച്ചു. ഇന്ന് ഇതുമായി ബന്ധപ്പെട്ട് പള്ളിക്കൽ പ്രദേശത്ത് വിളിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി, മറ്റു പഞ്ചായത്ത് അംഗങ്ങളും സ്‌കൂൾ, അങ്കണവാടി, മദ്രസ പ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്‌ഥരും പങ്കെടുത്തു.

അതേസമയം, ലോകത്താകമാനം അഞ്ചാംപനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗം ആഗോള ആരോഗ്യ ഭീഷണിയായേക്കുമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നു. കേരളം, ഗുജറാത്ത്, ഝാർഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ രോഗം വർധിക്കുന്നത് അപകട സൂചനയാണ്. സംസ്‌ഥാനത്തെ സ്‌ഥിതിഗതികൾ കേന്ദ്രസംഘം നിരീക്ഷിക്കുന്നുണ്ട്.

ശാസ്‌ത്രീയ കണക്കുകൾ അനുസരിച്ച്, 2021ൽ മാത്രം ലോകത്ത് ഒമ്പത് ദശലക്ഷംപേർ അഞ്ചാംപനി രോഗബാധിതരാവുകയും ഇതിൽ ഒന്നേകാൽ ലക്ഷത്തിലധികം പേർ മരണപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. ഏഷ്യയിലെയും ആഫ്രിക്കയിലെയും വികസ്വര രാജ്യങ്ങളുൾപ്പെടെ ഇരുപത്തിരണ്ട് രാജ്യങ്ങളിൽ രോഗ്യവ്യാപനം രൂക്ഷമാണ്.

അഞ്ചാംപനിയെ വളരെ ഫലപ്രദമായി തടയുന്ന ഒരു വാക്‌സിനാണ് മീസിൽസ് വാക്‌സിൻ. 9 മാസം പ്രായമായ 85% കുട്ടികൾക്കും 12 മാസത്തിലധികം പ്രായമായ 95% കുട്ടികൾക്കും ഒരു ഡോസിനു ശേഷം അഞ്ചാംപനിക്കെതിരെ പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നാമത്തെ ഡോസിൽ പ്രതിരോധശേഷി പുരോഗമിക്കാത്ത എല്ലാവരിലും രണ്ടാമത്തെ ഡോസോടുകൂടി പ്രതിരോധശേഷി ഉണ്ടാകുന്നതാണ്.

ഒരു പ്രദേശത്തെ ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്‌സിൻ എടുത്തവരാണെങ്കിൽ പിന്നീട് അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല. എന്നിരുന്നാലും വാക്‌സിൻ നൽകുന്നതിന്റെ തോത് കുറഞ്ഞാൽ അത് വീണ്ടും ഉടലെടുക്കാൻ സാധ്യതയുണ്ട്. വാക്‌സിന്റെ ഫലപ്രാപ്‌തി വളരെ വർഷങ്ങൾ നിലനിൽക്കും. ഇത് കാലങ്ങൾക്കുശേഷം പ്രതിരോധശേഷി കുറയുന്നതായി വ്യക്‌തമല്ല. അഞ്ചാം പനി വന്ന് ഒന്നു രണ്ടു ദിവസത്തിനകം വാക്‌സിൻ നൽകിയാലും രോഗത്തിൽനിന്ന് രക്ഷ നേടാം.

ശാസ്‌ത്രീയ വിദ്യാഭ്യസമില്ലാത്ത, വാക്‌സിൻ പ്രവർത്തനത്തെ സംബന്ധിച്ച് അവബോധം നേടാത്ത, വാക്‌സിൻ വിരുദ്ധ നിലപാടുകാരുടെ ഇടപെടൽ പലപ്പോഴും വാക്‌സിൻ സ്വീകരിക്കുന്നതിൽ നിന്ന് കുട്ടികളെയും കുടുംബങ്ങളെയും വിലക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് അനേകായിരം കുട്ടികളാണ് സംസ്‌ഥാനത്ത്‌ അഞ്ചാംപനി, വസൂരി, പോളിയോ, ഹെപ്പറ്റൈറ്റിസ് പോലുള്ള മാരകരോഗങ്ങളുടെ വാക്‌സിൻ സ്വീകരിക്കാതെ ജീവിക്കുന്നത്. ഭാവിയിൽ, ഇതുണ്ടാക്കാൻ പോകുന്ന അപകടം ഒട്ടും ചെറുതായിരിക്കില്ല എന്നാണ് വിലയിരുത്തൽ.

Most Read: മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE