അബുദാബി: യുഎഇയുടെ ഗോൾഡൻ വീസ സ്വീകരിച്ച് മലയാള സിനിമാ പ്രേമികളുടെ പ്രിയതാരം മീര ജാസ്‌മിൻ.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദേശികൾക്കാണ് യുഎഇ 10 വർഷത്തെ ദീർഘകാല താമസ വിസയായ ഗോൾഡൻ വിസ നൽകുന്നത്. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ആസിഫലി എന്നിവർക്ക് നേരത്തെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.
അതേസമയം സിനിമയിൽ ഇനി സജീവമാകാനാണ് തീരുമാനമെന്ന് മീര ജാസ്‌മിൻ അറിയിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് മീര മലയാളത്തിൽ തിരിച്ചെത്തുന്നത്.
‘സൂത്രധാരൻ’ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിൽ എത്തിയ താരം ഒട്ടേറെ മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചു. മികച്ച നടിക്കുള്ള സംസ്‌ഥാന- ദേശീയ പുരസ്‌കാരങ്ങൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. എന്നാൽ വിവാഹത്തിന് ശേഷം മീര സിനിമയിൽ നിന്നും ഇടവേളയെടുക്കുക ആയിരുന്നു.
തന്റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നത് തന്നെ വലിയ സന്തോഷമാണെന്നും ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്‌ട്രിയിൽ ഉണ്ടാകുമെന്നും മീര ജാസ്‌മിൻ കൂട്ടിച്ചേർത്തു.
Most Read: യാമി സോന; മലയാള സിനിമയ്‌ക്ക് ഒരു പുത്തൻ നായിക കൂടി