കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ക്രൈം ബ്രാഞ്ചിന്റെ ഹരജി കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ മോഫിയയുടെ ഭര്‍ത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും.
ഗാർഹിക പീഡനം, ആത്‍മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മോഫിയ പര്‍വീണിന്റെ ആത്‍മഹത്യാ കേസ് എറണാകുളം ജില്ലാ ക്രൈം ബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. മോഫിയയുടെ കുടുംബത്തിന്റെ പരാതിയും പോലീസിന് എതിരായ ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും.
നവംബർ 23നാണ് ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്റെ മകൾ മോഫിയ പർവീൺ തൂങ്ങി മരിച്ചത്. ആത്‍മഹത്യാ കുറിപ്പിൽ ഭർത്താവിനും ഇയാളുടെ മാതാപിതാക്കൾക്കും സിഐയ്‌ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയ ഉന്നയിച്ചിരുന്നത്. തുടർന്ന് മോഫിയയുടെ ഭ൪ത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
സംഭവത്തിൽ സിഐ സുധീറിനെ സസ്‍പെൻഡ് ചെയ്‌തിരിക്കുകയാണ്. സുധീറിനെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. കൊച്ചി ട്രാഫിക് എസിപി കേസ് അന്വേഷിക്കുന്നത്. മോഫിയ ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലെ എഫ്‌ഐആറിൽ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. മോഫിയയുടെ മരണത്തിലേക്ക് നയിച്ചത് സിഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്.
Most Read: മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു