തിരുവനന്തപുരം: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. ഒറിജിനലിനെ വെല്ലുന്ന ‘ഡ്യൂപ്ളിക്കേറ്റ്’ അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയക്കും, ഇതിന് ശേഷം പണം കടം ചോദിച്ചുകൊണ്ടാണ് തട്ടിപ്പ് നടക്കുന്നത്. അടുത്ത് അറിയാവുന്ന സുഹൃത്തുക്കളുടെ പേരിലുള്ള പ്രൊഫൈലിൽ നിന്നായതു കൊണ്ട് പലരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
ഫേസ്ബുക്കില്‍ നിന്ന് ഒരു അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ചറും മറ്റും ഉപയോഗിച്ച് മറ്റൊരു അക്കൗണ്ട് സൃഷ്ടിച്ചാണ് ഇത്തരം തട്ടിപ്പ് നടത്തുന്നത്. കണ്ടാല്‍ യഥാർഥ വ്യക്തിയുടെ അക്കൗണ്ട് പോലെ തന്നെ തോന്നുകയും ചെയ്യും. പല അഭ്യർഥനകളും ഇംഗ്ളീഷിൽ ആയതിനാല്‍ ഇതിന് പിന്നില്‍ വലിയ മാഫിയ തന്നെ ഉണ്ടായിരിക്കാം എന്നാണ് ഉയരുന്ന സംശയം.
തട്ടിപ്പിനെതിരെ കേരളാ പോലീസും മുന്നറിയിപ്പ് നൽകി. “നമ്മളറിയാതെ നമ്മുടെ തന്നെ വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ച് ഫ്രണ്ട് റിക്വസ്റ്റ് ചോദിക്കുകയും തുടര്‍ന്ന് പണം കടം ചോദിക്കുന്നതുമായ തട്ടിപ്പ് അരങ്ങേറുന്നുണ്ട്. തട്ടിപ്പിന് ഇരയാകാതിരിക്കുവാന്‍ ശ്രദ്ധിക്കുക. അങ്ങനെ ആരെങ്കിലും ചോദിച്ചാലോ, ശ്രദ്ധയില്‍പെട്ടാലോ പരസ്പരം ഫോണില്‍ വിളിച്ച് അറിയിക്കുക,”- പോലീസ് ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.
ഇത്തരം അഭ്യർഥനകൾ വന്നാൽ ചെയ്യേണ്ടത്;
- പ്രസ്തുത അക്കൗണ്ട് വിശദമായി പരിശോധിക്കുക. അക്കൗണ്ട് യുആര്‍എല്‍, മുന്‍ പോസ്റ്റുകൾ, അക്കൗണ്ടിലെ ബയോ വിവരങ്ങള്‍ തുടങ്ങിയവ. ഇത്തരത്തിലെ തട്ടിപ്പ് പ്രൊഫൈലുകള്‍ പലതും അടുത്തകാലത്ത് ഉണ്ടാക്കിയവയാകും.
- ഫേസ്ബുക്കില്‍ ‘ഡ്യൂപ്ളിക്കേറ്റ് അക്കൗണ്ട്’ ആണെങ്കില്‍ തീര്‍ച്ചയായും ഒറിജിനല്‍ അക്കൗണ്ട് ഉണ്ടാകും, അത് തിരയുക, അത്തരം ഒരു അക്കൗണ്ട് ലഭിച്ചാല്‍ രണ്ട് അക്കൗണ്ടുകളും താരതമ്യം ചെയ്യുക.
- ഒരിക്കലും പരിചയമില്ലാത്തവർ സഹായം ചോദിച്ചാല്‍, അക്കൗണ്ടിന്റെ വിശ്വസ്തതയില്‍ സംശയമുണ്ടെങ്കില്‍ അത് ഗൗനിക്കാതിരിക്കുക
- ചിലപ്പോള്‍ തട്ടിപ്പുകാര്‍ അക്കൗണ്ട് ലോക്ക് ചെയ്തായിരിക്കും ‘മെസേജ്’ അയച്ച് തട്ടിപ്പിന് ഇറങ്ങുക.
- ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദൂര ബന്ധമാണെങ്കിലും, നിങ്ങള്‍ക്ക് പരിചയമുള്ള വ്യക്തിയുടെ ഫോണ്‍ നമ്പറോ മറ്റോ സംഘടിപ്പിച്ച് നേരിട്ട് ബന്ധപ്പെട്ട് കാര്യം തിരക്കുക.
Also Read: പിഎം കെയേഴ്സ്; മരണപ്പെട്ട പ്രവാസികളുടെ കുട്ടികളെയും പരിഗണിക്കണം; വേൾഡ് എൻആർഐ കൗൺസിൽ