ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രം; മോൻസണ് കേരളാ പോലീസിന്റെ സുരക്ഷയും

By News Desk, Malabar News
Monson Mavunkal_Case
Ajwa Travels

തിരുവനന്തപുരം: പുരാവസ്‌തുക്കളുടെ മറവിൽ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ക്രൈം ബ്രാഞ്ച്. മോൻസണിന്റെ ആഡംബര കാറിൽ നോട്ടെണ്ണൽ യന്ത്രവും ലാപ്‌ടോപ്പും കംപ്യൂട്ടറും സ്‌ഥിരമായി ഘടിപ്പിച്ച നിലയിലാണുള്ളത്. ഒരു മിനി ഓഫിസ് ആയിട്ടുതന്നെ കാറിനെ മാറ്റിയെടുത്തിരുന്നു.

വിദേശ എംബസിയുടെ വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ചിഹ്‌നങ്ങളും വാഹനത്തിൽ ഉണ്ടായിരുന്നു. ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. മോൻസൺ ഉപയോഗിച്ചിരുന്ന ആഡംബര കാറായ ഡോസ്‌ജിലാണ് ഈ സൗകര്യങ്ങൾ സജ്‌ജീകരിച്ചിരിക്കുന്നത്. ആഡംബര കാറുകളുടെ ഒരു ശേഖരം തന്നെ ഇയാൾക്കുണ്ട്. വാഹനവ്യൂഹമായിട്ടാണ് യാത്ര ചെയ്യാറുള്ളത്. മുന്നിലും പിന്നിലും പോകുന്ന വാഹനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകാൻ വാക്കി ടോക്കിയടക്കമുള്ള സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു.

ഇതിനെല്ലാം പുറമേ കേരളാ പോലീസിന്റെ സുരക്ഷയും തട്ടിപ്പുകാരനുണ്ട്. മോൻസണിന്റെ വീട്ടിൽ പോലീസിന്റെ സുരക്ഷാ സജ്‌ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന് പറഞ്ഞ് പോലീസിന്റെ ബീറ്റ് ബോക്‌സ്‌ ഇയാളുടെ വീട്ടിൽ സ്‌ഥാപിച്ചിട്ടുണ്ട്. ഇയാളുടെ കൊച്ചിയിലെയും ചേർത്തലയിലെയും വീട്ടിലാണ് ബീറ്റ് ബോക്‌സ്‌ ഉള്ളത്.

പോലീസ് സ്‌ഥിരമായി വീട്ടിലെത്തി സുരക്ഷ വിലയിരുത്തി രജിസ്‌റ്ററിൽ രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ബീറ്റ് ബോക്‌സ്‌ സ്‌ഥാപിക്കുന്നത്. ഇത്തരത്തിൽ ഒരു തട്ടിപ്പുകാരന്റെ വീടിന് മുന്നിൽ ബീറ്റ് ബോക്‌സ്‌ ഇപ്പോഴും തുടരുന്നത് കേരളാ പോലീസിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്. ഇന്നും പോലീസ് ഈ ബീറ്റ്‌ ബോക്‌സിൽ സമയം രേഖപ്പെടുത്തി ഒപ്പുവെച്ചിട്ടുണ്ട്. ബീറ്റ് ബോക്‌സ്‌ വെക്കാൻ ഇടയാക്കിയ സാഹചര്യങ്ങൾ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അന്വേഷിക്കുന്നുണ്ട്.

ഇതിനിടെ രാഷ്‌ട്രീയ നേതാക്കൾ, പോലീസ് ഉന്നതർ അടക്കമുള്ളവർ മോൻസണുമായി ചേർന്ന് നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മന്ത്രിമാർ പോലീസ് ഉദ്യോഗസ്‌ഥർ മറ്റു ഉന്നത സ്‌ഥാനത്തിരിക്കുന്നവർ തുടങ്ങി നിരവധി പേരുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു എന്നാണ് വിവരം. ഉന്നതരെ വീട്ടിലേക്ക് ക്ഷണിക്കുക, പുരാവസ്‌തു ശേഖരം എന്ന് അവകാശപ്പെടുന്ന വസ്‌തുക്കൾ കാണിച്ച് ഞെട്ടിക്കുക, ഉന്നതരോടൊപ്പമുള്ള ഫോട്ടോയെടുത്ത് തട്ടിപ്പിന് ഉപയോഗിക്കുക എന്നതായിരുന്നു മോൻസണിന്റെ രീതി.

മോൻസൺ മാവുങ്കലിന്റെ പുരാവസ്‌തു ശേഖരത്തിലുള്ള സിംഹാസനത്തിൽ ഇരിക്കുന്ന ലോക്‌നാഥ്‌ ബെഹ്‌റ, തൊട്ടടുത്ത് രാജകീയ വാളുമായി നിൽക്കുന്ന എഡിജിപി മനോജ് എബ്രഹാം തുടങ്ങിയവരുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായുള്ള മോൻസണിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളുടെ മറ്റ് ബന്ധങ്ങളും ചർച്ചയാകുന്നത്.

സ്വന്തം പ്രചാരണത്തിന് വേണ്ടി മന്ത്രിമാരുടെ ചിത്രങ്ങളും മോൻസൺ ഉപയോഗിച്ചിരുന്നു. മന്ത്രി റോഷി അഗസ്‌റ്റിൻ, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവരുമായുള്ള ചിത്രങ്ങൾ ഇയാൾ ഉപയോഗിച്ചുവെന്നും റോഷി അഗസ്‌റ്റിന് പണം നൽകിയാൽ ഇടുക്കിയിലുള്ള റോഡ് കരാർ നൽകുമെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചുവെന്നും പരാതിക്കാരൻ ഷെമീർ പറഞ്ഞു. ഉയർന്ന ഉദ്യോഗസ്‌ഥരുടെയും രാഷ്‌ട്രീയ പ്രമുഖരുടേയും സാന്നിധ്യത്തിലാണ് മോൻസൺ ഇക്കാര്യങ്ങളൊക്കെ പറയുന്നത്. അത് കൊണ്ട് തന്നെ ഇയാളുടെ വാക്കുകളിൽ വിശ്വാസത്തിലെടുത്തുവെന്ന് പരാതിക്കാരൻ പറയുന്നു.

Also Read: ഓൺലൈൻ റമ്മി; സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE