തിരുവനന്തപുരം: മുസ്‌ലിം ലീഗ് വിദ്യാര്‍ഥി സംഘടനയായ എംഎസ്എഫിന്റെ നേതാക്കള്‍ക്ക് എതിരെയുള്ള വിദ്യാർഥിനി വിഭാഗമായ ‘ഹരിത’യുടെ പരാതി ലഭിച്ചതായി വനിതാ കമ്മീഷൻ. വനിതാ സഹപ്രവര്‍ത്തകരെ അപമാനിച്ചു കൊണ്ടുള്ള എംഎസ്എഫ് നേതാക്കളുടെ പദപ്രയോഗം സാംസ്‌കാരിക കേരളത്തിന് ചേരാത്തതാണെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാൽ പറഞ്ഞു.
നാടിനെ മുന്നോട്ട് നയിക്കേണ്ട യുവത്വത്തിന്റെ പക്കല്‍ നിന്നും ഇത്തരം ഒരു നിലപാട് ഉണ്ടാവരുതായിരുന്നു. സ്വന്തം സംഘടനയിലെ നേതാക്കള്‍ക്ക് എതിരെയാണ് പെണ്‍കുട്ടികള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ സ്‌ത്രീ വിരുദ്ധ നിലപാട് എടുക്കുന്നവര്‍ ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത് ഭൂഷണമാണോ എന്ന് ബന്ധപ്പെട്ടവര്‍ പരിശോധിക്കണമെന്നും ഷാഹിദാ കമാൽ ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ നടത്തുന്ന പ്രതികരണം ഹരിത നേതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ മാത്രമാണ്. വിഷയത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണെന്നും അവർ പറഞ്ഞു. കമ്മീഷന് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും ഷാഹിദാ കമാൽ വ്യക്‌തമാക്കി.
എംഎസ്‌എഫ് സംസ്‌ഥാന അധ്യക്ഷൻ പികെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്‌ദുൾ വഹാബ് തുടങ്ങിയവർക്ക് എതിരെയാണ് ഹരിത സംസ്‌ഥാന നേതാക്കൾ പരാതി നൽകിയിരിക്കുന്നത്. സ്‌ത്രീവിരുദ്ധ പരാമർശം നടത്തുകയും അപമാനിക്കുകയും ചെയ്‌തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. എംഎസ്‌എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയും ചെയ്‌തുവെന്നും വനിതാ നേതാക്കൾ ആരോപിച്ചു.
നേരത്തെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹരിത സംസ്‌ഥാന പ്രസിഡണ്ട് മുഫീദ തസ്‌നിയും ജനറല്‍ സെക്രട്ടറി നജ്‌മ തബ്ഷിറയും ചേർന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതിൽ നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് വനിതാ കമ്മീഷനെ സമീപിച്ചത്.
Most Read: ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; നാല് പ്രതികൾക്ക് മുൻകൂർ ജാമ്യം