മുംബൈക്ക് 57 റൺസ് ജയം, പൊരുതിത്തോറ്റ്‌ രാജസ്‌ഥാൻ റോയൽസ്

By Desk Reporter, Malabar News
IPL Image _ Malabar News
Ajwa Travels

അബുദാബി: മുംബൈ ഇന്ത്യൻസ് നൽകിയ 194 മറികടക്കാൻ കഴിയാതെ രാജസ്‌ഥാൻ ‘രാജകീയമായി’വീണു. 57 റൺസിനാണ് മൂംബൈയുടെ വിജയം. 18.1 ഓവറിൽ 136 റൺസിനാണ് രാജസ്‌ഥാൻ പുറത്തായത്. ഇന്നത്തെ കളിയോടെ മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാം സ്‌ഥാനത്തെത്തി.

രാജസ്‌ഥാൻ റോയൽസിൽ നിന്നുള്ള ജോസ് ബട്‍ലറും മുംബൈ ഇന്ത്യൻസിൽ നിന്നുള്ള സൂര്യകുമാർ യാദവുമാണ് ഇന്നത്ത അർധസെഞ്ചുറി താരങ്ങൾ. 34 പന്തിൽ രണ്ടു സിക്‌സറും മൂന്നു ഫോറും ഉൾപ്പെടെയായിരുന്നു ബട്‍ലറുടെ അർധസെഞ്ചുറി. സൂര്യകുമാർ യാദവിന്റെ അർധ സെഞ്ചുറി 47 പന്തിൽ 79 എന്ന നിലയിലും.

മുംബൈക്ക് വേണ്ടി ഇന്ന് പടനയിച്ചത് എല്ലാ അർഥത്തിലും ജസ്‌പ്രീത് ബുമ്രയായിരുന്നു. ഇദ്ദേഹം 4 ഓവറില്‍ 20 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്‌ത്തി. ജസ്‌പ്രീത് ബുമ്രക്കൊപ്പം സൂര്യകുമാര്‍ യാദവ് പുറത്താകാതെ നേടിയ 79 റണ്‍സാണ് മുംബൈക്ക് മികച്ച നില പടുത്തുയർത്താൻ സഹായിച്ചത്. 35ഉമായി രോഹിത് ശര്‍മ്മയും 23ഉമായി ഡിക്കോക്കും കൂടെ നിന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ മനോഹരമായ വെടിക്കെട്ട് ബാറ്റിങ്ങും കൂടി ചേർന്നപ്പോൾ മൂംബൈ ഉയർത്തിയ വിജയലക്ഷ്യം രാജസ്‌ഥാനു മുന്നിൽ വെല്ലുവിളിയായി.

Jasprit Numrah_Malabar News
ജസ്പ്രീത് ബുമ്ര ഗ്രൗണ്ടിൽ (മുംബൈ ഇന്ത്യൻസ്)

രാജസ്‌ഥാൻ ഓപ്പണിങ്ങിൽ തന്നെ തകർന്നാണ് തുടങ്ങിയത്. യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായി ഇറങ്ങിയതും മടങ്ങിയതും ഗ്രൗണ്ട് അറിഞ്ഞില്ല. ഒരു റണ്‍സ് പോലും നേടാതെ ജയ്‌സ്വാള്‍ കളം വിട്ടപ്പോൾ രാജസ്‌ഥാൻ അപകടം മണത്തു. പിന്നാലെ ഇറങ്ങിയ സ്‌റ്റീവ് സ്‌മിത്തും ആറ് റൺസിൽ മുട്ടുകുത്തി. തുടർന്ന് കയറിയ, മലയാളികളുടെ പ്രതീക്ഷയായ, സഞ്ജു സാംസൺ മൂന്നു ബോളുകൾ നേരിട്ട് പൂജ്യത്തിന് ക്രീസിൽ നിന്ന് മടങ്ങുമ്പോൾ രാജസ്‌ഥാന്റെ വിധി എഴുത്ത് പൂർണ്ണമായിരുന്നു.

രാജസ്‌ഥാൻ പരാജയം മുന്നില്‍ കണ്ടു; എന്നാല്‍ തോല്‍ക്കാന്‍ മനസില്ലാതെ ജോസ് ബട്‌ലര്‍ എന്ന ക്രിക്കറ്റ് പ്രതിഭ നടത്തിയ ഒറ്റയാള്‍ പോരാട്ടം മനോഹരമായിരുന്നു. മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം രാജസ്‌ഥാൻ മറികടക്കും എന്ന് തോന്നിപ്പിച്ച അപാരമായ ചെറുത്തുനില്‍പ്.

Suryakumar Yadav_Malabar News

രാജസ്‌ഥാനെതിരായി സൂര്യകുമാർ യാദവ്‌ (47 പന്തിൽ 79)

മുംബൈക്ക് കടുത്ത വെല്ലുവിളി ഉയർത്തിയ ആ ചെറുത്ത് നിൽപ്പ് പക്ഷെ, 44 പന്തില്‍ 70 റണ്‍സിൽ ബട്‌ലര്‍ പുറത്തായതോടെ തീർന്നു. സിക്‌സറിലേക്ക്‌ പാഞ്ഞ ബട്‌ലറുടെ പന്ത്‌ അക്ഷരാര്‍ഥത്തില്‍ പൊള്ളാർഡ്‌ പറന്നു പിടിക്കുകയായിരുന്നു. എങ്കിലും 70 റൺസ് വരെ പൊരുതിയ ബട്‌ലര്‍, രാജസ്‌ഥാന്റെ പരാജയഭാരം കുറച്ചു.

പിന്നീട് എടുത്തു പറയാവുന്ന ചെറുത്ത് നിൽപ്പ് നടത്തിയത് ജോഫ്ര ആര്‍ച്ചര്‍ മാത്രമായിരുന്നു. 11 പന്തില്‍ 24 റണ്‍സെടുത്ത ഇദ്ദേഹം കൂടി പുറത്തായപ്പോൾ രാജസ്‌ഥാന്റെ പതനം പൂർണ്ണമായി എന്ന് പറയാം.

രണ്ട് വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് രാജസ്‌ഥാൻ നിരയില്‍ ഭേദപ്പെട്ട ബൗളിങ് പ്രകടനം നടത്തിയത്. ശ്രേയസ് ഗോപാലിനെ കൂടാതെ ജോഫ്ര ആർച്ചർ, കാർത്തിക് ത്യാഗി എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്‌ത്തി. മുംബൈ താരങ്ങളായ ട്രെന്റ് ബോള്‍ട്ട്, ജയിംസ് പാറ്റിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ രാഹുല്‍ ചഹറും കീറോണ്‍ പൊള്ളാര്‍ഡും ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Must News: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE