സൗദിയിൽ സംഗീത കോളേജുകൾക്ക് അനുമതി; രാജ്യത്ത് ഇതാദ്യം

By Desk Reporter, Malabar News
Music-College-in-Saudi
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത കോളേജുകൾക്ക് ലൈസന്‍സ് അനുവദിച്ചു. തിങ്കളാഴ്‌ച സാംസ്‍കാരിക മന്ത്രി ബദർ ബിൻ അബ്‌ദുല്ല ഫർഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് സംഗീത കോളേജുകൾക്ക് അനുമതി നല്‍കുന്നത്. ലൈസൻസ് ലഭിക്കുന്നതിന് മറ്റു സ്‌ഥാപനങ്ങൾക്കും അപേക്ഷിക്കാനുള്ള അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സ്വകാര്യ മേഖലയിലും സന്നദ്ധ സേവന രംഗത്തും പ്രവര്‍ത്തിക്കുന്നവരില്‍ താൽപര്യമുള്ളവര്‍ക്ക് വിവിധ സാംസ്‍കാരിക രംഗങ്ങളില്‍ സ്‌ഥാപനങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ ലൈസന്‍സുകള്‍ക്ക് അപേക്ഷ നല്‍കാമെന്ന് മന്ത്രി പറഞ്ഞു. അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം 90 ദിവസത്തിനകം പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക, കലാ മേഖലകളിൽ പ്രത്യേക പരിശീലന കേന്ദ്രങ്ങൾ സ്‌ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ പരീക്ഷണ തുടക്കമാണിത്. സ്വദേശികളുടെ സാംസ്‌കാരികവും കലാപരവുമായ കഴിവുകൾ വികസിപ്പിക്കാൻ ഇതിലൂടെ സാധിക്കും. വിവിധ മേഖലകളിൽ പരിശീലന ലൈസൻസുകൾ നേടാൻ ആഗ്രഹിക്കുന്ന വ്യക്‌തികൾക്കും പുതുതായി തയ്യാറാക്കുന്ന അപേക്ഷ വഴി അനുമതിപത്രം നേടാനാകും.

തിയേറ്റർ, സംഗീതം, സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തനം, മ്യൂസിയം എന്നിവയുൾപ്പടെ കലാപരവും സാംസ്‌കാരികവുമായ വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന ലൈസൻസുകളാണ് വ്യക്‌തികൾക്ക് ഓൺലൈൻ വഴി നൽകുക. നാടകമേഖലയിൽ താൽപര്യമുള്ളവർക്ക് അഭിനയ കലയിൽ പരിശീലന ലൈസൻസ് നേടാനും ഇതുവഴി കഴിയുമെന്ന് മന്ത്രി പറഞ്ഞു.

സംഗീതം, തിയേറ്റർ, ഫാഷൻ, പാചക കല, മ്യൂസിയങ്ങൾ, ഹെറിറ്റേജ്, സിനിമ, ഡിസൈൻ, ആർകിടെക്ച്ചർ, സാഹിത്യം, വിവർത്തനം, പുരാവസ്‌തു, കരകൗശല മേഖലകൾ തുടങ്ങിയവയിൽ സ്‌ഥാപനങ്ങളോ പരിശീലന കേന്ദ്രങ്ങളോ തുടങ്ങാനുള്ള ലൈസൻസുകളും സാംസ്‌കാരിക മന്ത്രാലയം അനുവദിക്കും.

Also Read:  പുതുവർഷ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ദുബായ്; വിശ്രമമില്ലാതെ ‘മെട്രോ’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE